അങ്ങാടിപ്പുറം : സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ച ഇടതുസർക്കാറിന്റെ ജന വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി. അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം സപ്ലൈകോ ഔട്ട്ലെറ്റിന്റെ മുമ്പിൽ കലം കമിഴ്ത്തി പ്രതിഷേധം നടത്തി
13 ഇനം സാധനങ്ങൾക്ക് പൊതുവിപണിയിൽ നിന്നും 70% വിലക്കുറവിൽ ലഭ്യമായിരുന്നത് 35%മായാണ് ഇടത് സർക്കാർ കുറച്ചത്. ഇതാണ് സാധനങ്ങൾക്ക് വലിയ വില വർധനവിന് കാരണമായത്. നിത്യോപയോഗമായ അരി, ചെറുപയർ, ഉഴുന്ന്, കടല, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവക്കാണ് വില വർധിപ്പിച്ചത്. സംസ്ഥാനത്തെ പല സപ്ലൈകോ ഓഫീസുകളിലും അവശ്യ വസ്തുക്കൾ കിട്ടാതെ ജനം വലഞ്ഞിരിക്കുന്നു. സാധനങ്ങൾ സ്റ്റോക്കില്ല എന്ന ബോർഡു വെക്കുന്ന തിരക്കിലാണ് ജീവനക്കാർ. എന്നാൽ ഇന്ന് ലഭ്യമാകുന്ന സാധനങ്ങൾക്ക് ഭീമമായ വില നൽകേണ്ട സാഹചര്യം പൊതുജനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. അവശ്യവസ്തുക്കൾക്ക് വില കൂട്ടില്ലെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്ന പിണറായി സർക്കാർ വലിയ വെല്ലുവിളിയാണ് ജനങ്ങളോട് നടത്തുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം പറഞ്ഞു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷത വഹിച്ചു. പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് മാസ്റ്റർ, ട്രഷറർ സക്കീർ ഹുസൈൻ, വൈസ് പ്രസിഡണ്ട് നസീമ മദാരി, അസിസ്റ്റന്റ് സെക്രട്ടറി ആഷിക് ചാത്തോലിയിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. റഹ്മത്തുള്ള അരങ്ങത്ത്, ഹമീദ് കട്ടുപ്പാറ, മുഹമ്മദാലി സി ടി, ഇക്ബാൽ വലമ്പൂർ, മനാഫ് തോട്ടോളി, സജിന ടീച്ചർ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
No Comment.