ചെർപ്പുളശ്ശേരി
കഥകളി അണിയറയിലെ ഭീഷ്മാചാര്യൻ പാലക്കാട്- മാങ്ങോട് നമ്പ്യാരത്ത് അപ്പുണ്ണി തരകൻ (96) അന്തരിച്ചു വെള്ളിനേഴി,മാങ്ങോട് വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
കഥകളി ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അണിയറ കലാകാരനായ അപ്പുണ്ണിത്തരകൻ കലാമണ്ഡലം, കോട്ടക്കൽ പി എസ് വി നാട്യ സംഘം, ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം, സദനം കഥകളി സദനം തുടങ്ങിയ സുപ്രസിദ്ധ കഥകളി സ്ഥാപനങ്ങൾക്ക് പുറമെ കലാമണ്ഡലം അസ്സോസിയേറ്റ് പ്രൊഫസറായി വിരമിച്ച മകൻ കലാമണ്ഡലം ശിവരാമനും മക്കളും നടത്തിവരുന്ന മഞ്ജുതര കഥകളി സംഘത്തിന്റെ പ്രധാന സാരഥിത്വംകൂടി ഈ 96 ആം വയസ്സിലും ഏറ്റെടുത്ത് നടത്തിവന്നിരുന്നു . മുണ്ടുകാട്ടിൽ പാറുക്കുട്ടിയമ്മാൾ സഹധർമ്മിണിയും , ഉണ്ണികൃഷ്ണൻ, ശിവരാമൻ, ശങ്കരനാരായണൻ,മോഹനൻ എന്നിവർ മക്കളും ഉഷ, രുഗ്മിണി, ചന്ദ്രിക എന്നിവർ മരുമക്കളുമാണ്.
79 വർഷങ്ങൾക്കുമുൻപ് 15ആം വയസ്സിലാണ് നിത്യദാരിദ്ര്യത്തിൽ നിന്നും അൽപ്പമെങ്കിലും ആശ്വാസം കിട്ടാനായി നമ്പ്യാരത്ത് കുഞ്ഞതരകന്റെയും കുഞ്ഞിപ്പെണ്ണമ്മയുടെയും നാല് മക്കളിൽ ഒരാളായ അപ്പുണ്ണി നാലാം ക്ലാസ്സിൽ പഠിപ്പു നിർത്തി ഒളപ്പമണ്ണ മനയ്ക്കലെ നമ്പൂതിരിപ്പാടിന്റെയും ഒളപ്പമണ്ണ മനക്കലും കൊല്ലംങ്കോട് രാജാസ് ഹൈസ്‌കൂളിലും അണിയറക്കാരനായിരുന്ന കൊല്ലങ്കോട് പാമ്പത്ത് ശങ്കര തരകന്റെയും ഉപദേശപ്രകാരം കഥകളി അണിയറയിൽ പെട്ടിക്കാരനായി കച്ചപിടിക്കാനെത്തിയത്. അന്ന് കഥകളി കോപ്പ് സ്വന്തമായുള്ള ഒളപ്പമണ്ണ മനക്കിലും കഥകളിക്ക് പ്രസിദ്ധമായ കല്ലുവഴിച്ചിട്ട രൂപംകൊണ്ട കല്ലുവഴി ഉൾപ്പെട്ട വെള്ളിനെഴി പഞ്ചായത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുമൊക്കെ അത്യാവശ്യം കഥകളി പരിപാടികൾ അരങ്ങേറിയിരുന്നകാലം. നാട്ടിൻപുറത്തെ അത്തരം അണിയറകളിലെ നിറസ്സാന്നിധ്യമായി മാറാൻ കഠിനാധ്വാനിയായ അപ്പുണ്ണിക്ക് അധികം പ്രയാസപ്പെടേണ്ടിവന്നില്ല. അക്കാലത്ത് കഥകളിയെ സംരക്ഷിച്ചുപോന്നിരുന്ന വള്ളുവനാട്ടിലെ സുപ്രസിദ്ധമായ
ഒളപ്പമണ്ണ മനയിലെ കോപ്പറയിൽ 15 ആം വയസ്സിൽ തുടങ്ങിവെച്ച അദ്ദേഹത്തിന്റെ പ്രയാണം നീണ്ട എട്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ 2023 യിൽ ഭാരതത്തിന്റെ പരമോന്നത അംഗീകാരങ്ങളിൽ ഒന്നായ കേന്ദ്ര സംഗീത നാടക അക്കാദമി ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നഅമൃത അവാർഡ് രാജ്യത്തിന്റെ ഉപ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയിരുന്നു.
അരങ്ങിലെത്തുന്ന അതികായന്മാരായ പത്മഭൂഷൺ ഗുരു കുഞ്ചുകുറുപ്പിൽ തുടങ്ങി കരിയാട്ടിൽ കോപ്പൻ നായർ, ചാത്തുണ്ണി പണിക്കർ,പത്മശ്രീ വാഴേങ്കട കുഞ്ചു നായർ, ചെങ്ങന്നൂർ രാമൻ പിള്ളൈ, മാങ്കുളം വിഷ്ണു നമ്പൂതിരി,പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ, പത്മഭൂഷൺ ഡോക്ടർ കലാമണ്ഡലം രാമൻകുട്ടി നായർ,കുടമാളൂർ കരുണാകരൻ നായർ ,പത്മശ്രീ കീഴ്പ്പടം കുമാരൻ നായർ, വെള്ളിനെഴി നാണു നായർ,കലാമണ്ഡലം പത്മനാഭൻ നായർ, പത്മശ്രീ ഡോക്ടർ കലാമണ്ഡലം ഗോപി,ഡോക്ടർ സദനം കൃഷ്ണൻ കുട്ടി തുടങ്ങി എത്ര പ്രഗത്ഭമതികളായ കലാകാരന്മാരെയാണ് ഇദ്ദേഹം അമാനുഷിക കഥാപാത്രങ്ങളാക്കി മാസ്മരികത നിറഞ്ഞ അരങ്ങുകളിലെത്തിച്ചത്.
കലാമണ്ഡലത്തിലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും 1984 ഇൽ വിരമിച്ച ഇദ്ദേഹത്തെ തേടി കേരള സംഗീത നാടക അക്കാഡമി അവാർഡ്, മുകുന്ദരാജ അവാർഡ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ്, കല്ലുവഴി ചിട്ടയുടെ ഉറവിടമായ ഒളപ്പമണ്ണ മനയിൽ നിന്നും ദേവീപ്രസാദം അവാർഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ തേടിയെത്തി.
No Comment.