anugrahavision.com

ഐ .എസ്.ഡി.സിയും അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസും ധാരണാപത്രം ഒപ്പുവെച്ചു*

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാൻ അവസരം ഒരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം. അമൃത യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ഡി.സി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.

ബി.കോം പഠനത്തോട് ഒപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കുവാനും അതുവഴി ലോകത്തെ മികച്ച തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഐഎസ്ഡിസി സോണല്‍ മേധാവി ജിഷ രാജ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 300-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഎസ്ഡിസി. എസിസിഎ സംയോജിത കോഴ്‌സുകള്‍ ഭാവിയിലെ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ പ്രധാന്യം വര്‍ദ്ധിച്ചുവരുന്ന കാലത്ത് എസിസിഎ സംയോജിത ബി.കോം കോഴ്‌സുകളുടെ പ്രാധാന്യം വലുതാണെന്ന്
അമൃത യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. യു കൃഷ്ണകുമാര്‍ പറഞ്ഞു. പുതിയ സഹകരണത്തിലൂടെ
വിദ്യാർത്ഥികളുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഐ.എസ്.ഡി.സി റീജിയണല്‍ മാനേജര്‍ അര്‍ജുന്‍ രാജ്, ഐഎസ്ഡിസി റീജിയണൽ മേധാവി ശരത് വേണുഗോപാൽ, അമൃത യൂണിവേഴ്‌സിറ്റി വൈസ് പ്രിന്‍സിപ്പാള്‍ ഡോ.പി. ബാലസുബ്രഹ്മണ്യന്‍, അമൃത യൂണിവേഴ്സിറ്റി ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഷാബു കെ.ആർ എന്നിവര്‍ പങ്കെടുത്തു.

Spread the News
0 Comments

No Comment.