anugrahavision.com

പുസ്തകനിറവ് – വാണിയംകുളം ടി ആർ കെ സ്കൂളിൽ എം എൽ എ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട് ജില്ലയിൽ സംഘടിപ്പിക്കുന്ന പുസ്തകനിറവ് 2025 പദ്ധതിയുടെ വാണിയംകുളം ടി ആർ കെ സ്കൂളിലെ ഉദ്ഘാടനം ഷൊർണ്ണൂർ എം എൽ എ പി മമ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവും സംസ്കാരവും പരസ്പരപൂരകങ്ങൾ ആണെന്നും വായനയിലൂടെ മികച്ച സംസ്കാരമുള്ള ജനതയെ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എം രൺദീഷ് അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപകൻ ജഗദീഷ് പി സ്വാഗതം പറഞ്ഞു. മലയാളഭാഷയ്ക്ക് നിസ്തുലസംഭാവനകൾ നൽകിയ ഡോ. കെ ഭാരതിയെ ചടങ്ങിൽ ആദരിച്ചു. സാഹിത്യമത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വാണിയംകുളം പഞ്ചായത്തു പ്രസിഡന്‍റ് കെ ഗംഗാധരൻ കൈമാറി. വാർഡ് അംഗം ആശാദേവി, ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് കെ പി സുധീർ, ടി ആർ കെ എച്ച് എസ് എസ് പ്രിൻസിപ്പാൾ രാജീവ് കെ, പി ടി എ പ്രസിഡന്റ് സതീഷ് കുമാർ, വിദ്യാരംഗം കലാസാഹിത്യവേദി ജോ. കൺവീനർ വസിഷ്ഠ് സി എന്നിവർ സംസാരിച്ചു.

237 ബാലസാഹിത്യ പുസ്തകങ്ങൾ സ്കൂളിൽ വ്യാഴാഴ്ചകൂടി പ്രദർശിപ്പിക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഇവിടെനിന്ന് പുസ്തകങ്ങൾ വാങ്ങാം.

‌കുട്ടികൾക്കുള്ള സാഹിത്യമത്സരങ്ങൾ, സാംസ്കാരികസമ്മേളനങ്ങൾ, മലയാളഭാഷയ്ക്ക് സംഭാവനകൾ നൽകിയ മുതിർന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങ്, കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും അടക്കം വിവിധ പരിപാടികളാണ് പുസ്തകനിറവിൽ ഉൾപ്പെടുന്നത്. ജില്ലയിലെ പത്തു സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പുസ്തനിറവ് ഒരു മാസത്തോളം നീണ്ടുനിൽക്കും.

Spread the News
0 Comments

No Comment.