anugrahavision.com

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം

ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് (ഡിസംബർ 30) വൈകിട്ട് നാലിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്ര നടതുറന്നു.

വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു. അതേതുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ്‌ തുടങ്ങിയവർ ദർശനത്തിനെത്തി.

മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 26ന് നടയടച്ചിരുന്നു.

ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ നടയടയ്‌ക്കും.

Spread the News
0 Comments

No Comment.