ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തെ ആഘോഷത്തിലാക്കി കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സന്ധ്യയിൽ കർപ്പൂരാഴി ഘോഷയാത്ര നടന്നത്. മണ്ഡലപൂജയോടനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര തിങ്കളാഴ്ച സന്നിധാനത്തു സംഘടിപ്പിച്ചിരുന്നു. സന്ധ്യക്കു ദീപാരാധനയ്ക്കുശേഷം 6.40ന് കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിനു വലംവച്ചു നീങ്ങിയ ഘോഷയാത്ര ഫ്‌ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിൽ സമാപിച്ചു.
പുലിവാഹനമേറിയ മണികണ്ഠനൊപ്പം ദേവതാരൂപങ്ങളും വർണക്കാവടിയും കെട്ടുകാഴ്ചകളും ഘോഷയാത്രക്ക് കൊഴുപ്പേകി. അയ്യപ്പദർശനത്തിന് ഫ്‌ളൈ ഓവറിൽ വരിനിന്ന ഭക്തർക്കും ആനന്ദക്കാഴ്ചയായി കർപ്പൂരാഴി ഘോഷയാത്ര മാറി.
എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ, ജിഎസ്ഒ ഉമേഷ് ഗോയൽ, എ.എസ്.ഒ. സതീഷ്‌കുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷൻ:
സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴി ഘോഷയാത്ര. എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ, ജിഎസ്ഒ ഉമേഷ് ഗോയൽ എന്നിവർ ചിത്രത്തിൽ.
സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിൽ നടന്ന കർപ്പൂരാഴി ഘോഷയാത്രയ്ക്കു മുന്നോടിയായി എ.ഡി.ജി.പി. എസ്. ശ്രീജിത്തും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ചേർന്നു തിരി തെളിക്കുന്നു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി, സന്നിധാനം സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ, ജിഎസ്ഒ ഉമേഷ് ഗോയൽ എന്നിവർ സമീപം.
No Comment.