anugrahavision.com

രഞ്ജി ട്രോഫിയില്‍ രോഹനും അക്ഷയ്ക്കും അര്‍ദ്ധസെഞ്ച്വറി; ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 138 റണ്‍

ലഹ്‌ലി: ഹരിയാനയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹന്‍ കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51) അര്‍ദ്ധസെഞ്ച്വറി നേടി. ലഹ്‌ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകി ആരംഭിച്ച കളിയില്‍ കേരളത്തിന് അക്കൗണ്ട് തുറക്കും മുന്‍പെ ഓപ്പണര്‍ ബാബ അപരാജിത്തിനെ നഷ്ടമായി. അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ കപില്‍ ഹൂഡ ക്യാച്ചെടുത്താണ് അപരാജിത്ത് പുറത്തായത്.തുടര്‍ന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രന്‍- രോഹന്‍ കുന്നുമ്മല്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ നൂറ് കടത്തിയത്. ഇരുവരും തമ്മിലുള്ള സഖ്യം 198 പന്തില്‍ നിന്ന് 91 റണ്‍സ് നേടി. 102 പന്തില്‍ നിന്ന് ആറ് ഫോറുള്‍പ്പെടെ 55 റണ്‍സ് നേടിയ രോഹനെ ക്യാപ്റ്റന്‍ അന്‍കിത് കുമാറിന്റെ കൈകളിലെത്തിച്ച് അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 160 പന്തില്‍ നിന്ന് 51 റണ്‍സുമായി അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന്‍ ബേബിയും ക്രീസിലുണ്ട്. രഞ്ജിയില്‍ കേരളത്തിന്‌ വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും സച്ചിന്‍ ബേബിക്ക് സ്വന്തമായി. സഹതാരം റോഹന്‍ പ്രേമിന്‍റെ 5396 റണ്‍സ് മറികടന്നാണ് സച്ചിന്‍ ബേബി ഈ നേട്ടം സ്വന്തമാക്കിയത്. 13 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വതെ, കെ.എം ആസിഫ് എന്നിവര്‍ക്ക് പകരം ഷോണ്‍ റോജര്‍, എന്‍.പി ബേസില്‍, നിതീഷ് എം.ഡി എന്നിവരെ ടീമിലുള്‍പ്പെടുത്തിയാണ് കേരളം കളിക്കാന്‍ ഇറങ്ങിയത്.

Spread the News
0 Comments

No Comment.