anugrahavision.com

ചെർപ്പുളശ്ശേരി അർബൻ ബാങ്കിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട്ബി ജെപി

ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് അർബൻ ബാങ്കുമായി ബന്ധപ്പെട്ട അഴിമതികൾ ബിജെപി കഴിഞ്ഞദിവസം മുതൽക്ക് രേഖകൾ സഹിതം പുറത്തുവിട്ടിരുന്നു. എന്നാൽ ഷൊർണൂർ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി മമ്മിക്കുട്ടി മറുപടിയായി ബിജെപിയുടെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും പറയുകയും സിപിഎം ഭരിക്കുന്ന ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് അർബൻ ബാങ്കിൽ എല്ലാം സുതാര്യമാണെന്നും അവകാശപ്പെടുകയുണ്ടായി. സന്ദീപ് വാര്യരെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഷൊർണൂർ എംഎൽഎ തയ്യാറായി. തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

എം എൽ എ യുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഇന്ന് ചെർപ്പുളശ്ശേരിയിൽ ഇരകളോടൊപ്പം തെളിവുകൾ സഹിതം പത്രസമ്മേളനം സന്ദീപ് വാര്യർ നടത്തി. പ്രധാനമായും മൂന്ന് തട്ടിപ്പുകളാണ് ഇന്ന് തെളിവുകൾ സഹിതം പുറത്തുവിട്ടത് .

1) തൻറെ പേരിൽ വ്യാജ വായ്പ എടുത്തത് സംബന്ധിച്ച് സിപിഎം വല്ലപ്പുഴ ഗേറ്റ് ബ്രാഞ്ച് സെക്രട്ടറിയായ താഹിർ നൽകിയ പരാതിയുടെ പകർപ്പ് പത്രസമ്മേളനത്തിൽ ഹാജരാക്കി.

2) വിമുക്തഭടനായ പത്മനാഭന്റെ ഒരു ലക്ഷം രൂപ കബളിപ്പിച്ചു തട്ടിയെടുത്തതിന്റെ പരാതി പത്രസമ്മേളനത്തിൽ ഹാജരാക്കി.

3) തൃക്കടീരിയിലെ റേഷൻ കട വ്യാപാരിയായ ഹംസ 2015ലെടുത്ത 20 ലക്ഷത്തിന്റെ ഹൗസിംഗ് ലോൺ ഹംസ അറിയാതെ പലതവണ പുതുക്കുകയും ഹംസയുടെയും ഭാര്യ സുനീറയുടെയും പേരിൽ അവർ അപേക്ഷിക്കുക പോലും ചെയ്യാതെ മൂന്നു പേഴ്സണൽ ലോണുകൾ നൽകിയതായി രേഖയുണ്ടാക്കുകയും ചെയ്ത ഗുരുതരമായ തട്ടിപ്പ് രേഖകൾ സഹിതം ഹംസയുടെയും സുനീറയുടെയും സാന്നിധ്യത്തിൽ പത്രസമ്മേളനത്തിൽ ഹാജരാക്കി. ഹംസയും സുനീറയും ഇടതുപക്ഷ അനുഭാവികളാണ്.

ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്ന് പല കാര്യങ്ങൾക്കായി സമീപിച്ചവരിൽ നിന്നും ഒപ്പുകൾ കൈക്കലാക്കി വ്യാജവായ്പകൾ നൽകിയതായി പലരും രേഖാമൂലം ഞങ്ങളെ സമീപിക്കുകയാണെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും വായ്പ എടുക്കാത്ത നിരവധി പാവപ്പെട്ട മനുഷ്യരുടെ കിടപ്പാടം ബാങ്ക് ജപ്തി ചെയ്തു കൊണ്ടുപോകുന്ന സാഹചര്യമാണ് ഉള്ളത്.

സിപിഎമ്മുമായി ബന്ധമുള്ള പ്രമാണിമാർക്ക് യാതൊരു രേഖയും ഇല്ലാതെ ലോണുകൾ നൽകിയത് അടക്കമുള്ള ക്രമക്കേടുകൾ വരുന്ന ദിവസങ്ങളിൽ പുറത്തുവരും. ബിജെപി മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരി കോപ്പറേറ്റീവ് അർബൻ ബാങ്കിലെ തട്ടിപ്പിന് ഇരയായവർക്ക് നിയമപരവും രാഷ്ട്രീയവുമായ പിന്തുണ നൽകും . അതിന് ഒരു ഹെൽപ്പ് ഡെസ്ക് അടുത്തദിവസം പ്രവർത്തനമാരംഭിക്കും.
ബി ജെ പി സംസ്ഥാന നിർവാഹകസമിതി അംഗം സന്ദീപ് വാര്യർ
ബിജെപി ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡണ്ട് ജയൻ മാസ്റ്റർ , ജനറൽ സെക്രട്ടറി ഹരിദാസ് , വിപിൻ കാറൽമണ്ണ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Spread the News
0 Comments

No Comment.