anugrahavision.com

Onboard 1625379060760 Anu

_കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സംയുക്ത പാസിങ് ഔട്ട്‌ പരേഡ്_ *സിവിൽ ഡിഫൻസ് ഫോഴ്‌സിൽ കൂടുതൽ പേരെ അംഗങ്ങളാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ*

തിരുവനന്തപുരം. അപകട രക്ഷാപ്രതിരോധ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിനായി അഗ്നിരക്ഷാ വകുപ്പിന് കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് ഫോഴ്‌സിൽ കൂടുതൽ പേരെ അംഗങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തീകരിച്ച 295 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ, 20 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) മാർ ഉൾപ്പെടെ 315 പരിശീലനാർത്ഥികളുടെ സംയുക്ത പാസിങ് ഔട്ട്‌ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Img 20240922 Wa0071
ദുരന്തമേഖലകളിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പ്രവർത്തനം മാതൃകാപരമാണ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 6200 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി സേവന സജ്ജരാക്കി. ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 1000 പേർക്ക് പ്രൊഫഷണൽ പരിശീലനം നൽകുന്നത് ആലോചനയിലാണ്. രണ്ടാംഘട്ടമായി തിരഞ്ഞെടുത്ത 3300 പേർക്ക് പ്രത്യേക പരിശീലനവും നൽകിവരുന്നു. ഇവ പൂർത്തിയാകുന്നതോടെ അഗ്നിരക്ഷാ സേനയ്ക്ക് കൂടുതൽ സഹായം നൽകാൻ കഴിയുന്ന 10000 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയാണ് ലക്ഷ്യം. ഇവർക്കായി ഗം ബൂട്ട്, ഹെൽമെറ്റ് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപകരണങ്ങളും, ആംബുലൻസ്, എം ഇ വി വാഹനങ്ങളും, ആശയവിനിമയത്തിനുള്ള സംവിധാനങ്ങളും ലഭ്യമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സാഹസിക രക്ഷാപ്രവർത്തനത്തിനായി വകുപ്പിന്റെ കീഴിൽ പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. 30 പേർ അടങ്ങുന്ന പ്രത്യേക ദൗത്യസേനയും ജലാശയ അപകടങ്ങളിൽ നിന്നും ഫലപ്രദമായ രക്ഷാപ്രവർത്തനം നടത്താൻ സ്കൂബാ ടീമും സജ്ജമാണ്. പൊതുസമൂഹത്തിന്റെ രക്ഷാസേന എന്ന ഉത്തരവാദിത്വ ബോധ്യത്തോടെയാകണം സേനാംഗങ്ങൾ തങ്ങളുടെ അറിവുകൾ പ്രയോഗിക്കേണ്ടത്. കേവലം തീ അണയ്ക്കുന്ന സേന എന്ന വിശേഷണത്തിൽ നിന്നും ഏത് ദുരന്തഘട്ടത്തിലും സഹായം എത്തിക്കുന്ന സേനയായി അഗ്നിരക്ഷാ വകുപ്പ് മാറി. പ്രളയം, ഉരുൾപൊട്ടൽ മാത്രമല്ല പകർച്ചവ്യാധി നിയന്ത്രണ ഘട്ടത്തിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്.

കാലാനുസൃതമായി അഗ്നിരക്ഷാസേനയെ ശാക്തീകരിക്കുന്നതിനും ആധുനികരിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി കൂടുതൽ അപകട സാധ്യത മേഖലകളിൽ ഉപയോഗിക്കുന്നതിന് റോബോട്ടിക്ക് ഫയർ ഫൈറ്റിങ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ചരിത്രത്തിൽ ആദ്യമായി അഗ്നിരക്ഷാസേനയിൽ വനിതകളെ റിക്രൂട്ട് ചെയ്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. ആദ്യ പടിയായി 100 തസ്തികകൾ സൃഷ്ടിച്ചു. ഇതിലേക്ക് 82 വനിതാ ഓഫീസർമാരാണ് എത്തിയത്. അഗ്നിരക്ഷാസേനയിൽ ലിംഗ സമത്വം ഉറപ്പാക്കാനായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളാ ഫയർ & റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ പത്മകമാർ, ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുൺ അൽഫോൺസ്, അക്കാദമി ഡയറക്ടർ എം ജി രാജേഷ്, അസിസ്റ്റൻ്റ് ഡയറക്ടർമാരായ എ. എസ്. ജോഗി, എസ് എൽ ദിലീപ്, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ തുടങ്ങിയവർ സന്നിഹിതരായി. അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടർ റെനി ലൂക്കോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ ടി. എസ് അജിലേഷാണ് പാസ്സിങ് ഔട്ട്‌ പരേഡ് നയിച്ചത്.

പ്ലസ്സ് ടു അടിസ്ഥാന യോഗ്യതയായ ഈ പരിശീലനം ലഭിച്ച 315 ട്രെയിനികളിൽ, എം.ടെക്ക് യോഗ്യതയുള്ള 4 പേരും എം.ബി.എ ഉള്ള 2 പേരും ബി.എഡ്- 3 പേരും 24 മറ്റ് ബിരുദാനന്തര ബിരുദധാരികളും 51 ബി.ടെക് ബിരുദധാരികളും 158 ബിരുദധാരികളും 35 ഡിപ്ലോമക്കാരും ഐ ടി ഐ യോഗ്യതയുള്ള 8 പേരും പ്ലസ് ടു യോഗ്യതയുള്ള 17 പേരും ഉൾപ്പെടുന്നു.

ഫയർ പ്രൊട്ടക്ഷൻ, ഫയർ ഫൈറ്റിംഗ്, ഇൻഡസ്ട്രിയൽ ഫയർ സേഫ്റ്റി, മൗണ്ടയ്ൻ റെസ്ക്യൂ, വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം, വെള്ളപ്പൊക്ക രക്ഷാപ്രവർത്തനം, സെൽഫ് റെസ്ക്യൂ, വിവിധ രാസ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, പ്രഥമ ശുശ്രൂഷ എന്നിവ ഉൾപ്പെടെയുള്ള 4 മാസത്തെ അടിസ്ഥാന പരിശീലനവും കൂടാതെ കമാൻഡോ പരിശീലന രീതിയിൽ പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാ പ്രവർത്തനം, ശ്വസനസഹായികൾ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങൾ കയറിയുള്ള രക്ഷാപ്രവർത്തനം, ബേസിക് ലൈഫ് സപ്പോർട്ട്, യാതൊരുവിധ രക്ഷാ ഉപകരണങ്ങളും ലഭ്യമല്ലാത്ത അവസ്ഥയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ആവശ്യമായ ഇമ്പ്രവൈസ്‌ഡ് രക്ഷാ ഉപകരണങ്ങളുടെ നിർമ്മാണവും അവയുടെ പ്രായോഗിക പരിശീലനങ്ങളും 300 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലെ പ്രായോഗിക പരിശീലനവും നൽകി.

Spread the News
0 Comments

No Comment.