anugrahavision.com

Onboard 1625379060760 Anu

മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമായി അബ്ദുൾ ബാസിദ്*

ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങി ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ട്രിവാൺഡ്രം റോയൽസിന് രാജകീയ വിജയം. കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നിൽ വച്ച 132 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് റോയൽസ് മറി കടന്നത്. 50 റൺസുമായി ക്യാപ്റ്റൻ അബ്ദുൾ ബാസിദ് പുറത്താകാതെ നിന്നു.

നേരത്തെ കൊച്ചിയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ 131 റൺസിൽ ഒതുക്കിയത് വിനോദ് കുമാറിൻ്റെയും അബ്ദുൾ ബാസിദിൻ്റെയും ബൌളിങ് മികവായിരുന്നു. ബാസിദ് കൊച്ചിയുടെ മധ്യനിരയെ തകർത്തെറിഞ്ഞപ്പോൾ വിനോദ് കുമാർ വാലറ്റത്തെ ചുരുട്ടിക്കെട്ടി. തുടക്കത്തിലെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റി സിജോ മോൻ ജോസഫും നിഖിൽ തോട്ടത്തിലും ചേർന്ന് കൊച്ചിയെ മികച്ചൊരു സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബാസിദ് ഇരുവരെയും പുറത്താക്കി ട്രിവാൺഡ്രത്തിനെ മല്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. നേരത്തെ പവൻ ശ്രീധറിനെയും ബാസിദ് പുറത്താക്കിയിരുന്നു.

ബാറ്റിങ്ങിലും ടീം ചെറിയൊരു തകർച്ചയെ നേരിട്ട ഘട്ടത്തിലാണ് ബാസിദ് ടീമിന്‍റെ രക്ഷകനായെത്തിയത്. നാല് വിക്കറ്റിന് 55 റൺസെന്ന നിലയിൽ നിന്ന് ആകർഷിനൊപ്പം ചേർന്ന് ബാസിദ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നിലയുറപ്പിച്ച ശേഷം വമ്പൻ ഷോട്ടുകളിലേക്ക് തിരിയുന്ന പതിവ് ശൈലിയിൽ തന്നെയായിരുന്നു ബാസിദിന്‍റെ ബാറ്റിങ്. ഷൈൻ ജോൺ ജേക്കബ് എറിഞ്ഞ 14ആം ഓവറിൽ ബാസിദ് നേടിയത് തുടരെ നാല് സിക്സറുകളാണ്. ബാസിദിന്‍റെ ഇന്നിങ്സിൽ നിന്ന് ഊജ്ജം ഉൾക്കൊണ്ട് ആകർഷും മികച്ച ഷോട്ടുകളിലൂടെ റൺസുയർത്തി. ആകർഷ് 24 പന്തിൽ 25 റൺസെടുത്തു. മറുവശത്ത് പുറത്താകാതെ 32 പന്തിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം അബ്ദുൾ ബാസിദ് 50 റൺസ് നേടി.

ടൂർണ്ണമെന്‍റിൽ ബാസിദിൻ്റെ രണ്ടാം അർദ്ധ സെഞ്ച്വറിയായിരുന്നു ഇന്നത്തേത്. മൂന്നാം മാൻ ഓഫ് ദി മാച്ച് പുരസ്കാരവും. അഞ്ച് മല്സരങ്ങളിൽ നിന്നായി പത്ത് വിക്കറ്റുകളും ബാസിദ് നേടിയിട്ടുണ്ട്. ടൂർണ്ണമെന്‍റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ബാസിദിൻ്റെ പേരിലാണ്.

Spread the News
0 Comments

No Comment.