പാലക്കാട്. കെ ടി ഡി സി ചെയർമാനും, മുൻ ഷൊർണൂർ എം എൽ എ യും, സി പി എം നേതാവുമായ പി കെ ശശിയെ കെ ടി ഡി സി ചെയർമാൻ സ്ഥാനത്തു നിന്നും പുകച്ചു പുറത്തു ചാടിക്കാൻ പാർട്ടിക്കുള്ളിൽ ആസൂത്രിത ശ്രമങ്ങൾ. എന്നാൽ ഇതൊന്നും കേട്ട് തളരാതെ മുന്നോട്ടുപോവുകയാണ് പി കെ ശശി. സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് ജില്ലാ കമ്മിറ്റി നൽകിയ പരാതി അന്വേഷിച്ച് സംസ്ഥാന കമ്മിറ്റി പി കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാനസർക്കാർ നൽകിയ കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവെക്കണം എന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ അസൂയ പൂണ്ട ചില ജില്ലാ നേതാക്കൾ ശശിയുടെ സ്ഥാനം കളയുന്നതിന് വേണ്ടി ആസൂത്രിത ശ്രമങ്ങൾ നടത്തി വരികയാണ് എന്ന് സൂചനയുണ്ട് . മുൻപും ഇതുപോലെ പി കെ ശശിയെ ഒതുക്കാൻ ആസൂത്രിത ശ്രമങ്ങൾ നടന്നിരുന്നു. മണ്ണാർക്കാട് യൂണിവേഴ്സൽ കോളേജിനെ സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും പലിശരഹിത വായ്പകൾ തരപ്പെടുത്തി യൂണിവേഴ്സൽ കോളേജിനെ അഭിവൃദ്ധിയിലേക്ക് നയിച്ചു എന്നതാണ് ശശിക്കെതിരെയുള്ള ഗുരുതര ആരോപണം. എന്നാൽ സംസ്ഥാനത്തെ മികച്ച കോളേജുകളിൽ ഒന്നായി യൂണിവേഴ്സൽ കോളേജ് മാറി എന്നത് വ സ്തുതയാണ്.
പി കെ ശശി ഷോർണൂർ എംഎൽഎ ആയിരിക്കുമ്പോൾ നിരവധിയായ വികസന പ്രവർത്തനങ്ങളാണ് ഷോർണൂർ മണ്ഡലത്തിൽ ഉണ്ടാക്കിയത്. പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളും ബി&ബിസി നിലവാരത്തിലേക്ക് ഉയർത്തിയതും ചെർപ്പുളശ്ശേരി നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിനുവേണ്ടി ഫണ്ട് വകഇരുത്തിയതും, ചെർപ്പുളശ്ശേരി ഹൈസ്കൂളിന് നിലവാരമുള്ള കെട്ടിടം കെട്ടിയതും പി കെ ശശിയുടെ കാലത്താണ്.
പാർട്ടി നോക്കാതെ ജനകീയ കാര്യങ്ങളിൽ ഇടപെടുകയും അർഹതയുള്ളവർക്ക് അർഹതപ്പെട്ട സ്ഥാനമാനങ്ങൾ നൽകുന്നതും പി കെ ശശി എന്ന ജനകീയ നേതാവിന്റെ രീതിയാണ്. ഇതുകൊണ്ടൊക്കെ തന്നെ പാർട്ടി അണികളിൽ ശശിക്കെതിരെ ഒരു ഗ്രൂപ്പ് തിരിഞ്ഞ് വർഷങ്ങൾക്കു മുമ്പ് തന്നെ അക്രമണം തുടങ്ങിയിരുന്നു. എന്നാൽ എന്തുവന്നാലും പാർട്ടിയെ തള്ളി പറയാതെ തന്റേത് കമ്മ്യൂണിസ്റ്റ് ആരോഗ്യമാണെന്ന് ഏറ്റുപറയുന്ന പി കെ ശശി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും മുൻപന്തിയിൽ നിന്നാണ് പ്രവർത്തിച്ചത്. ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോഴും പാർട്ടി പറയുന്നത് എന്താണോ അത് അക്ഷരംപ്രതി അനുസരിച്ച് പ്രവർത്തിക്കുവാൻ ശശിക്ക് ഒരു മടിയുമില്ല.
കെടിഡിസിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ശേഷം നിരവധിയായ വികസന പ്രവർത്തനങ്ങളാണ് കെ ടി ഡി സി യിൽ അദ്ദേഹം കൊണ്ടുവന്നത്. മുഴുപ്പിലങ്ങാട് പണി തീർന്നു കൊണ്ടിരിക്കുന്ന കെ ടി ഡി സി യുടെ ഏറ്റവും വലിയ ഹോട്ടൽ, ഗ്രാമങ്ങളിൽ പോലും എത്തിനിൽക്കുന്ന ആഹാർ റസ്റ്റോറന്റുകൾ, യാത്രക്കാരുടെ സൗകര്യങ്ങൾ പരിഗണിച്ചുകൊണ്ട് ടേക്ക് എ ബ്രേക്ക് സംവിധാനങ്ങൾ എന്നിവ എടുത്തുപറയേണ്ട വികസന പ്രവർത്തനങ്ങൾ ആണ്. തുടർ പ്രവർത്തനങ്ങളിലും കെടിഡിസി എന്ന പ്രസ്ഥാനത്തിന് പി കെ ശശിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് സർക്കാറിന്റെ കണ്ടെത്തലുകളിൽ പികെ ശശിയുടെ സ്ഥാനം ഇപ്പോൾ മാറ്റേണ്ട എന്ന തീരുമാനത്തിലാണ് സർക്കാർ. അതുകൊണ്ടുതന്നെ താഴെക്കിടയിൽ നിന്നും പികെ ശശിക്കെതിരെ നടത്തുന്ന ഒരു ആരോപണങ്ങളിലും കെടിഡിസി ചെയർമാൻ സ്ഥാനം തെറിപ്പിക്കാൻ ആവില്ല എന്നതാണ് സത്യം. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ ഏത് സ്ഥാനവും താൻ രാജിവെക്കും എന്നതാണ് പി കെ ശശിയുടെ നിലപാട്. ഏതായാലും ശശിക്കെതിരെ തിരിഞ്ഞിരിക്കുന്ന ഏത് ആരോപണങ്ങളെയും മുഖവിലയ്ക്കെടുക്കാതെ തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കാൻ തന്നെയാണ് പി കെ ശശി ഉദ്ദേശിക്കുന്നതെന്ന് ശശിയുമായി ബന്ധപ്പെട്ട നേതാക്കൾ പറഞ്ഞു.
*പി മുരളി മോഹൻ*
No Comment.