കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം. എഫ് പോളിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,75,000/- പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 500468/- രൂപയുടെ മത്സ്യം ലേലംചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചിട്ടുള്ളതും (മൊത്തം 775468/- രൂപ) പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കി കളഞ്ഞു. എഫ്. ഇ. ഒ അശ്വിൻ രാജ്, എ. എഫ്. ഇ. ഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ് &വിജിലൻസ് വിങ്ങ് വിഭാഗം ഓഫീസർമാരായ വി എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനിൽകുമാർ, സീറെസ്ക്യൂ ഗാർഡുമാരായ പ്രമോദ്, ഷെഫീക്ക് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.
ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻററുകളിലും സ്പെഷൽ ടാസ്ക് സ്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി സുഗന്ധകുമാരി അറിയിച്ചു.
No Comment.