anugrahavision.com

Onboard 1625379060760 Anu

ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുക തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യം: സജ്ജാദ് സേഠ്* @ തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും

  • തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കൂടുതല്‍ ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള നിരവധി താരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും പലര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും നല്ല കളിക്കാരെ ദേശിയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുവാനും കേരള ക്രിക്കറ്റ് ലീഗിന് സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എല്ലാ കായികമേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കാനും ടീമിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമിയിലൂടെ നല്ല താരങ്ങളെ രാജ്യത്തിന് സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റിന് മാത്രമല്ല, മറ്റു കായിക ഇനങ്ങള്‍ക്കും നല്ല പിന്തുണ ലഭിച്ചാല്‍ മികച്ച താരങ്ങളെ കേരളത്തില്‍ നിന്ന് വാര്‍ത്തെടുക്കാനാകുമെന്നതില്‍ സംശയമില്ല. ഭാവിയില്‍ ക്രിക്കറ്റ് ഉള്‍പ്പെടെ എല്ലാ മേഖലയിലും നല്ല കളിക്കാരെ വാര്‍ത്തെടുക്കാന്‍ കഴിയും.ഫ്രാഞ്ചൈസി സ്വന്തമാക്കിയത് ബിസിനസ് എന്നതിലുപരി കേരളത്തില്‍ സ്‌പോര്‍ട്‌സ് കള്‍ച്ചള്‍ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സ്വാഭാവികമായും ക്രിക്കറ്റ് ലീഗില്‍ ബിസിനസിന് പ്രാധാന്യമുണ്ടെങ്കിലും ഒരു കളിക്കാരന്‍ എന്ന നിലയില്‍ തന്റെ തലമുറയ്ക്ക് ലഭിക്കാതെ പോയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവും യുവകളിക്കാര്‍ക്ക് ഉറപ്പുവരുത്തുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ താരവും ടീമിന്റെ ഐക്കണ്‍ പ്ലയറുമായ വിഷ്ണു വിനോദിന് ക്യാപ്റ്റന്‍ പദവി നല്‍കാതിരുന്നത് അദ്ദേഹത്തിന് കളിയില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കാനും ടെന്‍ഷന്‍ ഫ്രീയായി കളിക്കാനുമാണെന്ന് ടീം മെന്റര്‍ സുനില്‍ കുമാര്‍ പറഞ്ഞു. ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന് ലഭിച്ചത് യുവനിരയിലെ പ്രമുഖതാരങ്ങളെയാണെന്ന് ടീം കോച്ച് സുനില്‍ ഒയാസിസ് പറഞ്ഞു. ക്യാപ്റ്റന്‍ വരുണ്‍ നയനാര്‍, വിഷ്ണു വിനോദ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം പരിശീലനം പൂര്‍ത്തിയാകുമ്പോള്‍ മികച്ച ഫോമിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുണ്‍ നയനാര്‍, ഇമ്രാന്‍, അഭിഷേക് പ്രതാപ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഭാവിയില്‍ ഐപിഎല്ലില്‍ കളിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും എം.എസ് ധോണിയാണ് റോള്‍മോഡല്‍ എന്നും ക്യാപ്റ്റന്‍ വരുണ്‍ നയനാര്‍ പറഞ്ഞു.

Spread the News
0 Comments

No Comment.