anugrahavision.com

സാധാരണക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍ ‘അന്‍പോടെ തൃത്താല പദ്ധതി’ ലക്ഷ്യം: മന്ത്രി എം.ബി.രാജേഷ്

തൃത്താല. സാധാരണക്കാരന് ചികിത്സ ഉറപ്പാക്കുകയും ആവശ്യമുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയുമാണ് അന്‍പോടെ തൃത്താല പദ്ധതിയുടെ ലക്ഷ്യമെന്ന് തദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അന്‍പോടെ തൃത്താല പദ്ധതിയുടെ ആദ്യഘട്ട ആലോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവാസികളുടെയും വ്യാപാരികളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അന്‍പോടെ തൃത്താല പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും. ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും അര്‍ഹരായ ആളുകളെ കണ്ടെത്തും. ആദ്യഘട്ടത്തില്‍ ബി.പി.എല്‍ കുടുംബങ്ങളിലാണ് ചികിത്സാസൗകര്യം എത്തിക്കുന്നത്. ആശുപത്രി ചികിത്സ, ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍, മരുന്ന് എന്നിവ പദ്ധതി വഴി സൗജന്യമായി അര്‍ഹരിലേക്ക് എത്തിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

നാഗലശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന അന്‍പോടെ തൃത്താല പദ്ധതി ആലോചന യോഗത്തില്‍ ടി.പി മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാനിബ ടീച്ചര്‍, ഡോ: രാമകൃഷ്ണന്‍, ഡോ: കിഷോര്‍, മറ്റ് ജനപ്രതിനിധികള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, വ്യാപാരി സംഘടന പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the News
0 Comments

No Comment.