കുറ്റിപ്പുറം – കുമ്പിടി – തൃത്താല – പട്ടാമ്പി റോഡ് പുനർ നിർമ്മിക്കുന്നതോടെ തൃത്താല നിയോജകമണ്ഡലത്തിലെ പ്രധാന ടൗണായി കുമ്പിടി മാറുമെന്ന് തദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്. കുറ്റിപ്പുറം – കുമ്പിടി – തൃത്താല – പട്ടാമ്പി റോഡ് നവീകരണത്തിന് സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി ആനക്കര വില്ലേജിലെ സ്ഥലമുടമകളുടെയും കെട്ടിട ഉടമകളുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എം.ബി.രാജേഷ്. 20 കി.മീ. ദൈർഘ്യമുള്ള പാത 12 മീറ്റർ വീതിയിൽ പൂർണ്ണമായി പുനർനിർമ്മിക്കുകയാണ് ലക്ഷ്യം. ഇതിനായി 128 കോടി രൂപ കിഫ്‌ബി ഫണ്ടിൽ അനുവദിച്ചു. നിർമ്മാണത്തിൻ്റെ ഭാഗമായി ആനക്കര, പട്ടിത്തറ, തൃത്താല വില്ലേജുകളിലായി ഏകദേശം 44 ഏക്കർ ഭൂമിയോളം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. ആദ്യപടിയായി ടോപ്പോ സർവ്വേ പൂർത്തിയായി. കുമ്പിടി വരെയുള്ള സെന്റർ ലൈൻ മാർക്കിങ്ങും പൂർത്തിയായിട്ടുണ്ട്. വശങ്ങൾ മാർക്ക് ചെയ്തു കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. നിലവിൽ ഈ റോഡ് റീ ടാർ ചെയ്യുന്നതിന് കിഫ്ബിയിൽ നിന്നും 2.48 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം അതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് റോഡ് റീ ടാറിങ്ങ് നടത്തി പൂർണ്ണ ഗതാഗതയോഗ്യമാക്കും. ഈ റോഡിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ താത്ക്കാലികമായി പരിഹരിക്കുന്നതിന് വർഷകാലത്തിനു മുൻപുള്ള അറ്റകുറ്റ പണികളിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപയുടെ അടിയന്തിര അറ്റകുറ്റ പണികൾക്കും ടെണ്ടറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുമ്പിടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ആനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ.ബാലചന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് മെമ്പർമാർ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ജീവനക്കാർ, വ്യാപാരി സംഘടന പ്രതിനിധികൾ, വ്യാപാരികൾ, കെട്ടിട ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു. റോഡ് നവീകരണത്തിന്റെ ഭാഗമായി പട്ടിത്തറ, തൃത്താല വില്ലേജുകളിലും സമാനമായി യോഗം ചേരും.
No Comment.