anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഭിന്നശേഷിക്കാരുടെ ‘കൈവല്യ’ പദ്ധതി അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ല; അർഹരായവർക്ക് അടിയന്തരമായി വായ്പ അനുവദിക്കണം – എസ്.ഡി.പി.ഐ

പാലക്കാട്: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തി അന്തസ്സോടെ ജീവിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘കൈവല്യ’ സ്വയംതൊഴിൽ വായ്പാ പദ്ധതി പാലക്കാട് ജില്ലയിൽ ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയും ചുവപ്പുനാട നടപടിക്രമങ്ങളും മൂലം അട്ടിമറിക്കപ്പെടുകയാണെന്ന് എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി ഉമ്മർ അത്തിമണി ആരോപിച്ചു.

അപേക്ഷ സമർപ്പിച്ച് നാല് മാസത്തിലേറെയായിട്ടും അർഹരായ ഭിന്നശേഷിക്കാർക്ക് വായ്പ അനുവദിക്കാത്തത് അത്യന്തം പ്രതിഷേധാർഹമാണ്. സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ അർഹരിലേക്ക് എത്തിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കാണ്. എന്നാൽ പാലക്കാട് ജില്ലയിൽ ഭിന്നശേഷിക്കാരെ ഓഫീസുകൾ കയറിയിറക്കുകയും അനിശ്ചിതകാലം കാത്തിരിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനവും സാമൂഹ്യനീതിയോടുള്ള വെല്ലുവിളിയുമാണ്.
ജീവിതമാർഗം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ നിരവധി നിർധനരായ ഭിന്നശേഷിക്കാർ വായ്പ ലഭിക്കുമെന്ന് കരുതി ചെറിയ സംരംഭങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുകയാണ്. എന്നാൽ മാസങ്ങളായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും യാതൊരു തീരുമാനവും ഉണ്ടാകാത്തത് അവരുടെ പ്രതീക്ഷകളെ തകർക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളെ ഇത്തരത്തിൽ അലട്ടുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്.
ലഭിച്ച അപേക്ഷകളുടെ എണ്ണം, പരിഗണിച്ച അപേക്ഷകൾ, അനുവദിച്ച വായ്പകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പോലും പൊതുജനങ്ങൾക്ക് ലഭ്യമാക്കാത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നതാണ്. ഈ വിഷയത്തിൽ ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും അടിയന്തരമായി ഇടപെട്ട് മുഴുവൻ അപേക്ഷകളും സമയബന്ധിതമായി തീർപ്പാക്കി അർഹരായ ഭിന്നശേഷിക്കാർക്ക് വായ്പ അനുവദിക്കണം.
അല്ലാത്തപക്ഷം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എസ്.ഡി.പി.ഐ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമപരമായ നടപടികൾക്കും നേതൃത്വം നൽകും. അർഹരായ ഒരാൾ പോലും ആനുകൂല്യം നിഷേധിക്കപ്പെടാൻ അനുവദിക്കില്ലെന്നും ഉമ്മർ അത്തിമണി വ്യക്തമാക്കി.

Spread the News

Leave a Comment