anugrahavision.com

Onboard 1625379060760 Anu

സഹകരണ മികവിനുള്ള പുരസ്കാരങ്ങൾ നൽകി*

സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ സഹകരണ വികസന കോർപ്പറേഷൻ തിരുവനന്തപുരം റീജിയണൽ ഓഫീസ് സഹകരണ മികവിനും മെറിറ്റിനുമുള്ള എൻ.സി.ഡി.സി റീജിയണൽ അവാർഡുകൾ വിതരണം ചെയ്തു. സഹകരണ മന്ത്രി വി എൻ വാസവൻ മികച്ച പ്രകടനം കാഴ്ചവെച്ച ഒൻപത് സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
മികച്ച പ്രാഥമിക ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള എക്സലൻസ് സർട്ടിഫിക്കറ്റ് എറണാകുളം ഒക്കൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനും മെറിറ്റ് സർട്ടിഫിക്കറ്റ് എറണാകുളം വരാപ്പെട്ടി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനും ലഭിച്ചു. മികച്ച പ്രാഥമിക വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള എക്സലൻസ് സർട്ടിഫിക്കറ്റ് കോഴിക്കോട് അഴിയൂർ വനിത സൊസൈറ്റിക്കും മെറിറ്റ് പുരസ്കാരം കോഴിക്കോട് ചക്കിട്ടപ്പാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും നൽകി. സേവന മേഖലയിലെ  മികച്ച സൊസൈറ്റിക്കുള്ള എക്സലൻസ് പുരസ്കാരം കൊല്ലം ജില്ലാ കോ ഓപ്പറേറ്റീവ് ആശുപത്രി സൊസൈറ്റിക്കും മെറിറ്റ് സർട്ടിഫിക്കറ്റ് കണ്ണൂർ, കാസർകോട് ജില്ലാ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കും നൽകി. ദുർബല വിഭാഗത്തിലെ മികച്ച പ്രാഥമിക കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കുള്ള എക്സലൻസ് സർട്ടിഫിക്കറ്റ് പത്തനംതിട്ട വെച്ചൂച്ചിറ മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിക്കും മെറിറ്റ് സർട്ടിഫിക്കറ്റ് ആലപ്പി സ്മാൾ സ്കെയിൽ കയർ മാറ്റിങ് പ്രൊഡ്യൂസേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും ലഭിച്ചു.
എക്സലൻസ്, മെറിറ്റ് സമ്മാനങ്ങൾ ലഭിച്ച സൊസൈറ്റികൾക്കു സർട്ടിഫിക്കറ്റും യഥാക്രമം 25000 രൂപ, 20000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു. കേരള സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ്, ഹോസ്പിറ്റൽഫെഡ് ചെയർപേഴ്സൺ കെ.കെ. ലതിക, വനിതാഫെഡ് പ്രസിഡന്റ് ശ്രീജ കെ, വിവിധ സഹകരണ ഫെഡറേഷനുകളുടെ ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ, എൻസിഡിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Spread the News
0 Comments

No Comment.