anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വെള്ളിത്തിരയിലെ പെരുമഴക്കാലം: കാതുകളെ നനച്ച ഈണങ്ങളിലൂടെ ഒരു സംഗീതയാത്ര

കർക്കടകക്കരയിൽ കാർമുകിലുകൾ ആകാശം തൊടുമ്പോൾ, ജനൽപ്പാളികളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പിനൊപ്പം മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ചില പാട്ടുകളാണ്. മലയാളിയുടെ ജീവിതത്തോട് അത്രമേൽ ചേർന്നുനിൽക്കുന്ന അനുഭൂതിയാണ് മഴ. പ്രണയമായും വിരഹമായും നിരാശയായുമൊക്കെ മഴ നമ്മളിൽ പെയ്തൊഴിയുമ്പോൾ, ആ വികാരങ്ങളെ വരികളിലും ഈണങ്ങളിലും ചാലിച്ച് ചലച്ചിത്രപ്രവർത്തകർ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. ഈ മഴക്കാലത്ത് കാതോർക്കാൻ, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച മഴപ്പാട്ടുകളെ കോർത്തിണക്കിയുള്ള ഒരു പ്രത്യേക സംഗീത ഫീച്ചർ.

​കാറ്റിന്റെ ഈണവും മഴയുടെ മന്ത്രണവും: ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല വിസ്മയങ്ങൾ
​മലയാള സിനിമയിൽ മഴയെ വരികളേക്കാൾ ഭംഗിയായി പശ്ചാത്തല സംഗീതത്തിലൂടെ അനുഭവിപ്പിച്ച ഇതിഹാസമാണ് ജോൺസൺ മാസ്റ്റർ. പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ എന്ന ചിത്രത്തിലെ ക്ലാരയും ജയകൃഷ്ണനും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ വയലിൻ പശ്ചാത്തല സംഗീതം കേൾക്കാതെ മലയാളിയുടെ ഒരു മഴക്കാലവും കടന്നുപോകാറില്ല. മഴയുടെ ഓരോ തുള്ളിക്കും അദ്ദേഹം സംഗീതത്തിലൂടെ ജീവൻ നൽകി. അതുപോലെ ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രത്തിലെ ആർദ്രമായ പ്രണയഭാവങ്ങളിൽ നനഞ്ഞൊഴുകുന്ന പശ്ചാത്തല സംഗീതത്തിലും മഴയുടെ ആത്മാവ് നമുക്ക് തൊട്ടറിയാം. മഴക്കാലത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യാൻ ജോൺസൺ മാസ്റ്ററോളം പോന്ന മറ്റൊരു സംഗീതജ്ഞനില്ല എന്ന് തന്നെ പറയാം.
​ആർദ്രമായി പെയ്യുന്ന മലയാളത്തിന്റെ സ്വന്തം മഴപ്പാട്ടുകൾ
​മലയാളത്തിൽ ഉപമകളിൽ നിറഞ്ഞ മഴപ്പാട്ടുകളിൽ മിക്കതും എക്കാലത്തെയും വലിയ ഹിറ്റുകളായിരുന്നു. മഴപ്പാട്ടുകളിൽ ആദ്യം മലയാളിയുടെ ചുണ്ടിലേക്ക് ഓടിയെത്തുക ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ ‘പ്രണയമണിത്തൂവൽ പൊഴിച്ച’ എന്ന ഗാനമായിരിക്കും. കൈതപ്രത്തിന്റെ വരികളും വിദ്യാസാഗറിന്റെ സംഗീതവും ചേർന്നപ്പോൾ മഴ പനിനീർ മഴയായും കണ്ണീർ മഴയായും ഇളനീർമഴയായുമൊക്കെ ആ പാട്ടിൽ നിറഞ്ഞുനിന്നു.
​മഴയെ വരവേൽക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഗാനമാണ് ഭരതൻ സംവിധാനം ചെയ്ത ‘വൈശാലി’യിലെ ‘ദും ദും ദും ദുന്ദുഭി നാദം’. ഒ.എൻ.വി. കുറുപ്പിന്റെ വരികൾക്ക് ബോംബെ രവി സംഗീതം നൽകി ദിനേശും ലതികയും പാടിയ ഈ ഗാനം വരണ്ടുണങ്ങിയ മണ്ണിലേക്ക് പെയ്യാൻ പോകുന്ന മഴയുടെ മംഗളഘോഷമാണ്. യൂസഫലി കേച്ചേരി മനോഹര പദങ്ങൾ കൊണ്ട് പെരുമഴക്കാലം സൃഷ്ടിച്ച ഗാനമായിരുന്നു ‘മഴ’ എന്ന ചിത്രത്തിലെ ‘ആഷാഢം പാടുമ്പോൾ’ എന്ന ഗാനം. രവീന്ദ്ര സംഗീതം കൂടി ചേർന്നതോടെ കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ആലപിച്ച ഈ ഗാനം മഴപോലെ പ്രിയപ്പെട്ടതായി മാറി.
​വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ‘ഭൂമിദേവി പുഷ്പിണിയായ്’ എന്ന ചിത്രത്തിലെ ‘പനിനീർമഴ പൂമഴ തേൻമഴ’ എന്ന ഗാനവും രാത്രിമഴയിൽ നനഞ്ഞ കാമുകിയുടെ ഭാവങ്ങളെ മനോഹരമായി വരച്ചുകാട്ടുന്നു. ‘കണ്ണാരം പൊത്തി പൊത്തി’ എന്ന ചിത്രത്തിൽ പി. ഭാസ്‌കരൻ – എ. ടി. ഉമ്മർ കൂട്ടുകെട്ടിൽ പിറന്ന ‘മഴയോ മഴ, തൂമഴ, പുതുമഴ’ എന്ന ഗാനം മഴയുടെ ഭാവനാ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ശ്രീകുമാരൻ തമ്പി – പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് കൂട്ടുകെട്ടിൽ പിറന്ന ‘തൂവാനത്തുമ്പികളിലെ’ ‘മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി’, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി ശ്യാം സംഗീതം നൽകിയ ‘അശ്വരഥം’ എന്ന ചിത്രത്തിലെ ‘തുലാവര്‍ഷമേളം തുടിപ്പാട്ടിന്‍ താളം’, സന്തോഷ് വർമ്മയുടെ വരികളിൽ ബിജിബാൽ ഈണം നൽകിയ ‘വർഷം’ എന്ന ചിത്രത്തിലെ ‘കരിമുകിലുകൾ ചിറകുകുടയും സ്വരം’ എന്നിവയും ഈ പട്ടികയിലെ മനോഹര ഗാനങ്ങളാണ്.
​പുതിയ കാലത്തെ പാട്ടുകളായ ‘ഇതാരൊരാൾ എനിക്കായ് തൂവുന്നു തൂമഴ’ (ശിക്കാരി ശംഭു), ‘മഴ തുള്ളി തുള്ളി’ (സരിത), ‘ജൂണിലെ നിലാമഴയിൽ’ (നമ്മൾ തമ്മിൽ), ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ’ (വെട്ടം), ‘മഴയേ തൂമഴയേ’ (പട്ടംപോലെ), ‘മഴയെ മഴയെ’ (ജെയിംസ് ആൻഡ് ആലീസ്), ‘മഴനീർത്തുള്ളികൾ’ (ബ്യൂട്ടിഫുൾ), ‘പവിഴമഴയേ’ (അതിരൻ) എന്നിവയും മഴക്കാലത്ത് മലയാളികൾക്ക് കൂട്ടായിരിക്കുന്നവയാണ്. ‘നക്ഷത്രങ്ങൾ’ എന്ന ചിത്രത്തിലെ ‘പെയ്യുന്ന മഴയിൽ’ എന്ന ഗാനവും പ്രണയവും മഴയും ഇടകലരുന്ന മലയാളത്തിലെ മറ്റൊരു മനോഹര ഗാനമാണ്.
​ബോളിവുഡിന്റെ ആകാശത്ത് പെയ്തിറങ്ങിയ റൊമാന്റിക് ഈണങ്ങൾ
​ഹിന്ദി സിനിമകളിൽ മഴ എന്നത് പ്രണയത്തിന്റെയും നൊസ്റ്റാൾജിയയുടെയും ആഘോഷമാണ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച മഴപ്പാട്ടുകളിൽ ഒന്നാണ് ‘1942: എ ലവ് സ്റ്റോറി’ എന്ന ചിത്രത്തിലെ ‘റിം ഝിം റിം ഝിം’. ജാവേദ് അക്തറിന്റെ വരികളിൽ ആർ.ഡി. ബർമൻ സംഗീതം നൽകി കുമാർ സാനുവും കവിത കൃഷ്ണമൂർത്തിയും പാടിയ ഈ ഗാനം ഇന്നും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഒന്നാണ്. ‘മിലൻ’ എന്ന ചിത്രത്തിലെ ‘സാവൻ കാ മഹിനാ’, ‘ബാഘി’ എന്ന ചിത്രത്തിലെ ‘ചാം ചാം’ എന്നിവ പശ്ചാത്തലത്തിൽ മഴയും നൃത്തവും ഇടകലർത്തിയ മികച്ച ബോളിവുഡ് ഗാനങ്ങളാണ്.
​ഐശ്വര്യാ റായിയുടെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നായ ‘ഗുരു’ എന്ന ചിത്രത്തിലെ ‘ബർസോ റെ’, കരീന കപൂറിന്റെ ‘ചമേലി’യിലെ ‘ബാഗേ രെ മൻ’, ആമിർ ഖാനും കാജോളും തകർത്തഭിനയിച്ച ‘ഫനാ’യിലെ ‘ദേഖോ നാ’, ഹൃത്വിക് റോഷൻ – പ്രിയങ്ക ചോപ്ര ജോഡിയുടെ ‘അഗ്നീപത്’ എന്ന ചിത്രത്തിലെ ‘ഓ സയ്യാൻ’ എന്നിവയെല്ലാം മഴയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വളരെ ഹൃദയഹാരിയായ ഗാനങ്ങളാണ്. ‘ത്രി ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തിലെ ‘സൂബി ഡൂബി’, ‘കോയി മിൽ ഗയാ’യിലെ ‘ഇദർ ചലാ മേം ഉദർ ചലാ’, ‘മസ്തി’യിലെ ‘ഓൺ ദി റൂഫ് ഇൻ ദി റെയിൻ’, ‘കുച്ച് കുച്ച് ഹോത്താ ഹേ’, ‘ലഗാൻ’, ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രത്തിലെ ‘ഛക് ധൂം ധൂം’, രവീണ ടാണ്ടന്റെ മയക്കുന്ന നൃത്തച്ചുവടുകളുള്ള ‘മൊഹ്‌റ’യിലെ ‘ടിപ് ടിപ് ബർസാ പാനി’ എന്നിവയെല്ലാം ബോളിവുഡിനെ നനച്ച സൂപ്പർഹിറ്റ് മഴപ്പാട്ടുകളാണ്.
​കോടമ്പാക്കത്തെ പ്രണയച്ചാറ്റലുകൾ
​തമിഴകത്ത് മഴ എപ്പോഴും വികാരതീവ്രമായ പ്രണയത്തിന്റെ പശ്ചാത്തലമാണ്. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ മഴയുടെ ഭംഗി മുഴുവൻ ഒപ്പിയെടുത്ത ഗാനമായിരുന്നു ‘സംഗമം’ എന്ന ചിത്രത്തിലെ ‘മഴൈ തുളീ’. ക്ലാസിക്കൽ നൃത്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ഗാനം കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. തുളസി തുമ്പികളിലൂടെയും മഴത്തുള്ളികളിലൂടെയും പ്രണയം പറയുന്ന ഹാരിസ് ജയരാജ്-ഗൗതം മേനോൻ കൂട്ടുകെട്ടിലെ മാസ്റ്റർപീസാണ് ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ ‘അനൽ മേലെ പനിതുളി’. ‘എൻട്രൻ’ എന്ന ചിത്രത്തിലെ ‘പനി തുളീ’ എന്ന ഗാനം എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിൽ മഴക്കാലത്തിന്റെ നൊസ്റ്റാൾജിയ ഉണർത്തുന്ന മറ്റൊരു ക്ലാസിക് ഗാനമാണ്.

രഞ്ജിത്ത് എം നിലമ്പൂർ

Spread the News

Leave a Comment