ചെർപ്പുളശ്ശേരി. നഗരസഭയുടെ ബസ്റ്റാൻഡ് പരിഷ്കരണം വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന പശ്ചാത്തലത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം വീണ്ടും വിളിക്കാൻ നഗരസഭ തയ്യാറായി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടിനെതിരെ ഗുരുതരമായ ആക്ഷേപം ഉന്നയിച്ച സമിതി പ്രസിഡന്റിനെ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഏകോപന സമിതി പ്രസിഡന്റ് ഇദ്ദേഹത്തിനെതിരെ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരുന്നത് എന്നാണ് സൂചന. എന്നാൽ തികച്ചു രഹസ്യമായി യോഗം ചേരാനാണ് നഗരസഭ അധികൃതർ തീരുമാനിച്ചത്. പ്രതിപക്ഷ കൗൺസിലർമാർ പോലും അറിയാതെ ചെയർപേഴ്സന്റെ ചേമ്പറിൽ യോഗം ചേരാനാണ് നോട്ടീസ്. എന്തായാലും വ്യാപാരികളുടെ ആവശ്യങ്ങൾ പരിഹരിക്കേണ്ടി വരുമെന്നും, അതിനു വഴങ്ങേണ്ടി വരുമെന്നും സൂചനയുണ്ട്. വ്യാപാരികൾക്ക് നിലവിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെങ്കിലും നഗരത്തിൽ തിരക്കിന് സമാധാനം ഉണ്ട് എന്നതാണ് സത്യസന്ധമായ വസ്തുത.
റോഡിന്റെ ഇരുഭാഗങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ഇപ്പോഴും സർവ്വസാധാരണമാണ്. പല കടകളുടെ സാധന സാമഗ്രികൾ ഇപ്പോഴും നടപ്പാതയിലാണ് എന്നുള്ളതും മറ്റൊരു സത്യമാണ്. പെരിന്തൽമണ്ണയിലേക്കും, പാലക്കാട്ടേക്കും പോകുന്ന ബസ്സുകൾ ടൗണിലൂടെ പാസ് ചെയ്ത ശേഷം അയ്യപ്പൻ കാവിനടുത്തുവെച്ച് യു ടേൺ എടുത്ത് പോകണമെന്നതാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതിന് പ്രധാനമായും ഇടതുപക്ഷത്തിന്റെ പോഷക സംഘടനയായ സമിതി ആവശ്യപ്പെടുന്ന കാര്യങ്ങളിലേക്ക് നഗരസഭ കടക്കുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ആവാം പ്രതിപക്ഷ കക്ഷികളെ ഇന്നത്തെ റെഗുലേറ്ററി കമ്മിറ്റി യോഗത്തിലേക്ക് വിളിക്കാത്തതിന്റെ പ്രധാന കാരണം. ഏതായാലും ഇന്നത്തെ യോഗത്തിൽ സുപ്രധാനമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നതാണ് എല്ലാവരും വിശ്വസിക്കുന്നത്.
1 thought on “ചെർപ്പുളശ്ശേരിയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ഇന്ന് രാവിലെ 10 30 ന്”
പ്രതീക്ഷ കൈവിടുന്നില്ല