anugrahavision.com

Onboard 1625379060760 Anu

പാര്‍ത്ഥസാരഥി ആറ് പേര്‍ക്ക്* *പുതുജീവനേകും*

തിരുവനന്തപുരം. സര്‍ക്കാര്‍ സര്‍വീസിലൂടെ നിരവധിപേര്‍ക്ക് തണലേകിയ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റ് ജീവനക്കാരാനായ എസ്. പാര്‍ത്ഥസാരഥി (55) ഇനി ആറ് പേര്‍ക്ക് പുതുജീവനേകും. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സജീവാംഗവും ഭക്ഷ്യ-പൊതു വിതരണ (ബി)വകുപ്പില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറുമായ തിരുവനന്തപുരം പേട്ട സ്വദേശിയായ എസ്. പാര്‍ത്ഥസാരഥിക്ക് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് പാര്‍ത്ഥസാരഥിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറാകുകയായിരുന്നു. തീവ്രദു:ഖത്തിലും അവയവങ്ങള്‍ ദാനം നല്‍കാന്‍ സമ്മതമേകിയ പാര്‍ത്ഥസാരഥിയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളറിയിച്ചു. ജീവിതത്തിലൂടെ അനേകം പേര്‍ക്ക് തണലേകിയ പാര്‍ത്ഥസാരഥി ഇനി ആറ് പേര്‍ക്കാണ് വെളിച്ചമാകുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

പാർത്ഥസാരഥിയുടെ അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന ആറ് പേര്‍ക്കാണ് ദാനം ചെയ്തത്.
കരൾ, രണ്ട് വൃക്ക, നേത്രപടലം , ഹൃദയ വാൽവ് എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളജിനും നല്‍കി. നേത്രപടലം തിരുവനന്തപുരം റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‌തോല്‍മോളജിയ്ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിക്ക് കൈമാറി.

ജൂണ്‍ രണ്ടിനാണ് തലച്ചോറിനുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ ഏഴ് രാവിലെ ഒന്‍പതിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കേരള സ്റ്റേറ്റ് ഒ്രാര്‍ഗണ്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ നേതൃത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്താനുള്ള നടപടിയും കാര്യക്ഷമമായി നടന്നത്.

Dr. Noble Gracious SS
Executive Director
Kerala State Organ and Tissue Transplant Organisation (K-SOTTO)
Ist Floor, Old House Surgeon Quarters
Near SSB, Govt. Medical College, Trivandrum-11
+91 471 2528658, 2962748

Spread the News
0 Comments

No Comment.