പാലക്കാട്. മഴക്കാലപൂർവ ശുചീകരണം കൂടുതൽ ഊർജിതമാക്കുമെന്ന് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി. കാലവർഷം മുന്നൊരുക്ക നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ, ആശുപത്രി, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. റവന്യൂ വകുപ്പിനാണ് ഏകോപന ചുമതല. ദുരന്തസാധ്യത പ്രദേശങ്ങളുടെ പുതുക്കിയ പട്ടിക തയ്യാറാക്കണം. ക്യാമ്പുകളുടെ പട്ടിക തയ്യാറാക്കി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ജില്ലാ താലൂക്ക് തല കൺട്രോൾ റൂമുകൾ 24 മണിക്കൂർ പ്രവർത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും നിർദ്ദേശിച്ചു.
കൊതുകുകളുടെ ഉറവിട നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കണം. കുളങ്ങൾ വൃത്തിയാക്കുക, നീർച്ചാലുകളുടെ തടസ്സങ്ങൾ നീക്കുക, തദ്ദേശ സ്ഥാപനതലത്തിൽ കൺട്രോൾ റൂം പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പകർച്ചവ്യാധി തടയുന്നതിന് വിശദമായ മാർഗരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കും. ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. മഴക്കാല രോഗങ്ങൾ നേരിടുന്നതിന് ആവശ്യമായ മരുന്നുകൾ ഉണ്ടെന്നും ക്യാമ്പുകളിലെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കണം. ആന്റി വെനം ലഭ്യമായിട്ടുള്ള ആശുപത്രികളുടെ പട്ടിക തയ്യാറാക്കണം.
കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് ആവശ്യമെങ്കിൽ ആസ്തി രജിസ്റ്റർ പരിശോധിച്ച് സ്ഥലസന്ദർശനം നടത്തി ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.
അപകടപരമായ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുക, റോഡുകളിലെ കുഴികൾ സമയബന്ധിതമായി അടയ്ക്കുക, പാലങ്ങൾ മറ്റു കെട്ടിടങ്ങളുടെ ഘടനപരമായ ഓഡിറ്റ് നടത്തുക, അഴുക്കുചാലുകൾ വൃത്തിയാക്കൽ, അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കൽ പ്രവർത്തനങ്ങൾക്കായും പൊതുമരാമത്ത് / ദേശീയപാത അതോറിറ്റി അധികൃതരെ ചുമതലപ്പെടുത്തി. പാതയോരങ്ങളിൽ അപകടകരമായി സ്ഥിതിചെയ്യുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
കാലവർഷം കനത്താൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് നിരന്തര പട്രോളിങ് നടത്തും. ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് വളന്റിയർമാർ, ആപ്തമിത്ര സേനാംഗങ്ങൾ, മറ്റു സന്നദ്ധസേന പ്രവർത്തകരുടെ വിവരശേഖരണവും മേൽനോട്ടവും അഗ്നിരക്ഷാസേന വകുപ്പ് നടത്തും.
മഴക്കാലത്ത് സജ്ജീകരിക്കുന്ന ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേകം പോഷകാഹാരം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. മാനസിക വെല്ലുവിളി നേരിടുന്നവരുടെയും ദുരന്തബാധിതരുടെ കുടുംബങ്ങൾക്കും ആവശ്യമായ സൈക്കോ സോഷ്യൽ കെയർ സാമൂഹിക നീതി- ആരോഗ്യവകുപ്പിന്റെ സംയുക്താഭിമുഖ്യത്തിൽ നൽകും.
ജില്ലയിലെ പാറമടകളിലെ കുളങ്ങൾക്കു ചുറ്റും ഉറപ്പും ഉയരവും ഉള്ള വേലി/ മതിൽ കെട്ടി സംരക്ഷിക്കുന്നതിന് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ നിയോഗിച്ചു. മഴ തുടർന്നാൽ മലയോരത്ത് മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുളങ്ങളുടെ നിർമ്മാണം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാവാതിരിക്കാൻ കെഎസ്ഇബിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും.
സ്പിൽവേകൾ, അണക്കെട്ടുകൾ ബാരേജുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഇറിഗേഷൻ വകുപ്പ് ഉറപ്പാക്കും. നീർച്ചാലുകൾ, ഓടകൾ തടസ്സം രഹിതമാക്കുക, പുഴയോരത്തെ വീടുകൾക്ക് സംരക്ഷണം ഏർപ്പെടുത്തുന്നതിന് മണൽ നിറച്ച കയർ ചാക്ക്, ജിയോ ട്യൂബ് തുടങ്ങിയവ കരുതാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശം നൽകി.
സ്കൂളുകൾക്ക് സമീപമുള്ള കുളങ്ങൾക്ക് സുരക്ഷാഭിത്തി ഒരുക്കുകയും അപകടസൂചന ബോർഡുകൾ സ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകി. സ്കൂൾ കെട്ടിടങ്ങൾക്കും സ്കൂൾ ബസ്സുകൾക്കും വിദ്യാർത്ഥികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണം.
മഴക്കാലത്ത് തടസ്സമില്ലാത്ത ജലവിതരണവും ജലത്തിന്റെ ഗുണനിലവാരവും വാട്ടർ അതോറിറ്റി ഉറപ്പാക്കും. ഓടകൾ, ഓവുകൾ, അഴുക്കുചാലുകൾ എന്നിവയിലൂടെ പൈപ്പ് ലൈനുകളിലേക്ക് മാലിന്യം കലരുന്നില്ലെന്നും ജലസംഭരണികൾ കഴുകി വൃത്തിയാക്കി ജല സുരക്ഷിതത്വവും ഉറപ്പാക്കും.
വനത്തിനുള്ളിൽ വസിക്കുന്ന തദ്ദേശീയർക്ക് ഭക്ഷ്യസാധനങ്ങൾ ഉറപ്പാക്കാനും ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കാൻ ക്യാമ്പുകൾ നടത്തുന്നതിന് കെട്ടിടങ്ങൾ ഊരുകളിലും മറ്റും കണ്ടെത്താനും നിർദ്ദേശം നൽകി. വനമേഖലയിലെ ദുരന്തസാഹചര്യം നിരന്തരം നിരീക്ഷിക്കും.
ബണ്ട് തകർച്ച നേരിടുന്നതിന് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കും. രാസവളങ്ങൾ/ കീടനാശിനികൾ തുടങ്ങിയവ മഴ ശക്തമാവുന്നതിനു മുന്നോടിയായി മാറ്റി സ്ഥാപിക്കാൻ നിർദ്ദേശം നൽകി.
ഫാക്ടറികളിലെ ദുരന്ത സാധ്യത വിലയിരുത്താനും കാലവർഷം ശക്തമായാൽ വിനോദസഞ്ചാര മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
പക്ഷിമൃഗാദികൾക്ക് പകർച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല പദ്ധതി രൂപീകരിക്കുകയും ആവശ്യമെങ്കിൽ ക്യാമ്പ് ആരംഭിക്കുന്നതിനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിർദ്ദേശിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ ഡി എം കെ സുനില്‍കുമാര്‍, ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്.എസ് അല്‍ഫ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.