anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശ്രീമദ് ഭാഗവതം മലയാളി ഹിന്ദു കുടുംബങ്ങൾക്ക് പരിചയപ്പെടുത്തിയ പണ്ഡിറ്റ് പി. ഗോപാലൻ നായരുടെ 157-ാം ജന്മവാർഷികദിനം.

അദ്ധ്യാപകൻ – മലയാള ഭാഷാ പണ്ഡിതൻ – സംസ്കൃത വ്യഖ്യാതാവ് – ശ്രീമദ് ഭാഗവതം മലയാളികൾക്ക് പരിചയപ്പെടുത്തിയ പണ്ഡിറ്റ് ഗോപാലൻനായർ. ഒരു മനുഷ്യനു താങ്ങാവുന്നതിലധികം ദുരന്തങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്‌.

രോഗം – സാമ്പത്തികക്ലേശം – ഭാര്യയുടെയും ഏകപുത്രന്റെയും അകാലമരണം – ഇവ അദ്ദേഹത്തിന്റെ ജീവിതചിന്തയിൽ വരുത്തിയ മാറ്റം ചെറുതല്ല. തന്റെ ജീവിതത്തിൽ താൻ അനുഭവിച്ച ഈ ദുരന്താനുഭവങ്ങളെ ദൃഢമായ ആദ്ധ്യാത്മിക സാധനാവൃത്തിയിലൂടെ കൈക്കൊണ്ട ആത്മബലം കൊണ്ട്‌ അദ്ദേഹം നേരിട്ടു.

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ പുത്തൻവീട്ടിൽ മീനാക്ഷി അമ്മയുടെയും അനന്തനാരായണ പട്ടരുടെയും മകനായി 1869 ഏപ്രിൽ 18ന്‌ (കൊ.വ: 1044 മേടം 4) ജനിച്ചു.

കൊല്ലങ്കോട്ടെ എഴുത്തു പളളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. രാവുണ്യാരത്ത്‌ കണ്ണൻ മേനോന്റെ ഇംഗ്ലീഷ്‌ സ്‌കൂളിലും, കാരാട്ട്‌ നാരായണ മേനോന്റെ (മഹാനായ ബ്രഹ്‌മാനന്ദസ്വാമി ശിവയോഗിയുടെ അനന്തിരവൻ) കീഴിൽ 2 കൊല്ലം സംസ്‌കൃതവും പഠിച്ചു. 1886-ൽ കൊല്ലങ്കോട്ടെ പാഠശാലയിൽ പ്രധാന അധ്യാപകനും മാനേജരുമായി. വിദ്യാലയത്തിന്‌ ഗ്രാന്റ്‌ കിട്ടണമെങ്കിൽ അതിലെ അദ്ധ്യാപകരുടെ പരീക്ഷായോഗ്യത തെളിയിക്കണമെന്ന സർക്കാർ നിബന്ധനയെ തുടർന്ന്‌ അദ്ദേഹം അദ്ധ്യാപക പരിശീലനത്തിനായി കോഴിക്കോട്ടേയ്‌ക്ക്‌ പോയി.

പുരാണങ്ങളിലും ഉപനിഷത്തുക്കളിലും അഗാധപരിജ്ഞാനം ഉണ്ടായിരുന്ന ഗോപാലൻ നായർക്ക് കൊച്ചി രാജാവിൽ നിന്നു സാഹിത്യ കുശലൻ ബഹുമതി നൽകപ്പെട്ടിരുന്നു. ഭാഗവതം, അദ്ധ്യാത്മ രാമായണം, പഞ്ചദശി, ഭഗവത്‌ഗീത, ഹരിമീഡേ സ്‌തോത്രം, ശിവഗീതാ ഭാഷാഗാനം, ശ്രീബദരീശ സ്‌തോത്രം, ശ്രീദേവീ സൂക്തം, ശ്രീദുർഗ്ഗാ സ്‌തോത്രം, ശ്രീസനത്‌ കുമാര സ്‌തോത്രം, ദക്ഷിണാമൂർത്തി സ്‌തോത്രം, ബ്രഹ്‌മ സൂത്രം, വാല്‌മീകി രാമായണം (സുന്ദരകാണ്ഡം), സുധോദയം, ശതശ്ലോകി തുടങ്ങി 17 വ്യാഖ്യാനങ്ങളും സനാതന ധർമ്മം, ശാശ്വത ധർമ്മം, അഹിംസാപരമോ ധർമ്മഃ, ധർമ്മസ്വരൂപ നിരൂപണം, ശ്രീകാശ്യപക്ഷേത്ര മാഹാത്മ്യം, തപോവന സ്വാമികളുടെ ജീവചരിത്രം എന്നീ 6 സ്വതന്ത്ര കൃതികളുമടക്കം 23 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1968 ജനുവരി 17ന് അന്തരിച്ചു.

ശ്രീമദ് ഭഗവദ് ഗീതയുടെ നിരവധി വ്യാഖ്യാനങ്ങള്‍ ഇന്ന് ലഭ്യമാണ്. പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ എഴുതിയ ഭഗവദ്ഗീതാ വ്യാഖ്യാനം അവയില്‍ നിന്നൊക്കെ വ്യത്യസ്തവും അനേകം പ്രത്യേകതകളുള്ളതുമാണ്. അദ്വൈത സമ്പ്രദായത്തില്‍ ശങ്കരമതാനുയായിയായി ശ്രീ ശങ്കരാനന്ദ സരസ്വതി എന്ന മഹാത്മാവുണ്ടായിരുന്നു. ശ്രീശങ്കരദിഗ്വിജയം, പഞ്ചദശീ, അനുഭൂതിപ്രകാശം തുടങ്ങി അനേകം വേദാന്തകൃതികളുടെ കര്‍ത്താവായിരുന്ന ശ്രീ വിദ്യാരണ്യസ്വാമികള്‍ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ശ്രീശങ്കര വിരചിതമായ ഭഗവദ്ഗീത ഭാഷ്യം സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ലാത്തതു കൊണ്ട്, അത് എല്ലാവര്‍ക്കും സുഗമമാകണം എന്ന ഉദ്ദേശ്യത്തോടെ ശ്രീ ശങ്കരാനന്ദ സരസ്വതി ശങ്കരഭാഷ്യാനുസാരിയായതും ലളിതവുമായ ഒരു ഗീതാവ്യാഖ്യാനം രചിച്ചു. ശങ്കരാനന്ദീ ടീകാ എന്ന പേരിലറിയപ്പെടുന്ന ഈ വ്യാഖ്യാനം ഭഗവദ്ഗീതാ പ്രേമികള്‍ക്കിടയില്‍ അതീവ പ്രീതിയാര്‍ജ്ജിച്ച ഒന്നാണ്. ഈ വ്യാഖ്യാനത്തെ അവലംബിച്ചാണ് പണ്ഡിറ്റ് പി. ഗോപാലന്‍ നായര്‍ ഭഗവദ്ഗീത വ്യാഖ്യാനിച്ചിരിക്കുന്നത്. അതോടൊപ്പം ഭഗവദ്ഗീതയുടെ 18 അദ്ധ്യായങ്ങളുടെയും സാരസംഗ്രഹവും ഗീതാശ്ലോകങ്ങളുടെ അകാരാദിസൂചികയും ഈ വ്യാഖ്യാനത്തിനു മാറ്റു കൂട്ടുന്നു.

Spread the News

Leave a Comment