സൈക്കിൾ കളഞ്ഞുപോയ വിഷമത്തിൽ മന്ത്രിക്ക് ഒരു ഇ മെയിൽ അയച്ചപ്പോൾ ഇത്ര പെട്ടെന്ന് ഒരു സൈക്കിൾ മന്ത്രി നേരിട്ട് സമ്മാനമായി നൽകുമെന്ന് അവന്തിക ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷേ നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹരിക്കാനും മന്ത്രിമാരുണ്ടെന്ന ബോധ്യമാണ് മെയിൽ അയയ്ക്കാൻ പ്രേരണയായതെന്ന് അവന്തിക പറയുന്നു.
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള വാർത്താ സമ്മേളന വേദിയിലാണ് മന്ത്രി വി ശിവൻകുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിനി സി.ജി. അവന്തികയ്ക്ക് സൈക്കിൾ സമ്മാനമായി നൽകിയത്. കഴിഞ്ഞ മാസം 21 നാണ് അവന്തികയുടെ സൈക്കിൾ കാണാതായത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് വിഷയം വ്യക്തമാക്കി മന്ത്രിക്ക് ഇമെയിൽ സന്ദേശം അയച്ചത്. ഇ മെയിൽ സന്ദേശം ശ്രദ്ധയിൽപ്പെടുകയും മന്ത്രി
അടിയന്തരമായി ഇടപെടുകയും ചെയ്യുകയായിരുന്നു.
പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അവന്തികയെ മന്ത്രി അഭിനന്ദിച്ചു. എറണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് അവന്തിക. അതേ സ്കൂളിൽ തന്നെ ആണ് പ്ലസ്ടുവിന് ചേർന്നിട്ടുള്ളത്.
പച്ചക്കറി കട നടത്തുന്ന ഗിരീഷിന്റെയും നിഷയുടെയും മകളാണ് അവന്തിക. സഹോദരൻ സി ജി അനീഷ്. പാലാരിവട്ടത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം.
No Comment.