പാലക്കാട്. യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് ഈസ്റ്റർദിനം ആയതുകൊണ്ട് തന്നെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു കൊണ്ടായിരുന്നു. കോയമ്പത്തൂർ റോഡിലെ നിത്യസഹായ ദേവാലയം സന്ദർശിച്ചു കൊണ്ടായിരുന്നു തുടക്കം. പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കുവാൻ എത്തിയവരുമായി ഏറെനേരം ചെലവഴിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്. പിന്നീട് മത്സ്യ മാർക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു രമേഷ് പിഷാരടിയുടെ വോട്ട് അഭ്യർത്ഥന. മത്സ്യ വിപണനം നടത്തുന്നവരുമായി സ്ഥാനാർഥി സംസാരിച്ചു. മത്സ്യ വ്യാപാരികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും രമേഷ് പിഷാരടി ചോദിച്ചറിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഏകുവാൻ യുഡിഎഫ് സർക്കാർ വരുമെന്ന ഉറപ്പു നൽകിയാണ് രമേഷ് പിഷാരടി അവിടെ നിന്നും മടങ്ങിയത്. തുടർന്ന് മെഡിക്കൽ കോളേജിന് സമീപത്തുള്ള സിന്തറ്റിക് ട്രാക്കിലും സ്ഥാനാർത്ഥി എത്തി. മുൻപ് ഷാഫി പറമ്പിൽ എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സിന്തറ്റിക് ട്രാക്ക്. യുഡിഎഫ് വിജയിച്ചു വരുമ്പോൾ പാലക്കാടിന്റെ പാലക്കാടിന്റെ കായിക മേഖലയ്ക്ക് സമാനമായ നിലയിലുള്ള മുന്നേറ്റങ്ങൾ നടപ്പാക്കുമെന്ന വാഗ്ദാനം നൽകിയാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്. പിന്നീട് മേപ്പറമ്പിലെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥന നടത്തി. പിന്നീട് വിവിധ പ്രദേശങ്ങളിൽ വീടുകൾ കയറിയും കച്ചവട സ്ഥാപനങ്ങൾ കയറിയും ഉള്ള വോട്ടഭ്യർത്ഥന നടന്നു. തുടർന്ന് വിവിധ വിവാഹ ചടങ്ങുകളിൽ സ്ഥാനാർഥി പങ്കെടുത്തു. വൈകുന്നേരം പിരായിരി പഞ്ചായത്തിലെ മാമ്പറത്തെ പൊതുയോഗത്തിലും രമേഷ് പിഷാരടി എത്തി. ഹൈബി ഈഡൻ എംപിയായിരുന്നു പൊതുയോഗം ഉദ്ഘാടനം ചെയ്തത്. പിന്നീട് മേപ്പറമ്പിലെ പൊതുയോഗത്തിലും മണലാഞ്ചേരിയിലെ കുടുംബ സംഗമത്തിലും കരീംനഗറിലെ കുടുംബ സംഗമത്തിലും രമേഷ് പിഷാരടി പങ്കെടുത്തു.