പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത് പാലക്കാട് ടൗൺ സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിപര്യടനത്തോടെ ആയിരുന്നു. രാവിലെ കാടാംകോട് ജംഗ്ഷനിൽ നിന്നാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. തുടർന്ന് കേനാത്ത് പറമ്പ്, സിവിൽ സ്റ്റേഷൻ, യാക്കര ചുങ്കം, ചടനാംകുറിശ്ശി, കരീംനഗർ എന്നിവിടങ്ങളിലൂടെ കടന്നുപോയ സ്ഥാനാർഥി പര്യടനം പൂളക്കാട് ജംഗ്ഷനിൽ സമാപിച്ചു. കടന്നുപോയ ഇടങ്ങളിലെല്ലാം വളരെയധികം സ്നേഹനിർഭരമായ സ്വീകരണങ്ങൾ ആയിരുന്നു സ്ഥാനാർത്ഥിയെ കാത്തിരുന്നത്. മുൻ എംഎൽഎമാർ പാലക്കാട് മണ്ഡലത്തിന് നൽകിവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകണം എന്നതാണ് പലരും രമേഷ് പിഷാരടിയുമായി പങ്കുവെച്ചത്. ഉച്ചയ്ക്കുശേഷം തൊണ്ടിക്കുളം ക്ഷേത്ര പരിസരത്തുനിന്നാണ് സ്ഥാനാർത്ഥിപര്യടനം ആരംഭിച്ചത്. തുടർന്ന് വെണ്ണക്കര മണപ്പുള്ളി ക്ഷേത്ര പരിസരത്തും മാരിയമ്മൻ കോവിലിലും മിലാകുദ്ദീൻ നഗറിലും വോട്ട് അഭ്യർത്ഥനയുമായി സ്ഥാനാർഥിയെത്തി. പിന്നീട് തിരുനെല്ലായി പാളയത്തെ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. തുടർന്ന് തിരുനെല്ലായി ഗ്രാമം, മണലാഞ്ചേരി, കള്ളിക്കാട്, കൈകൂത്ത് പറമ്പ്, നൂറണി ഗ്രാമം എന്നിവിടങ്ങളിലൂടെ കടന്നുപോയ സ്ഥാനാർത്ഥി പര്യടനം പുതുപ്പള്ളി തെരുവിലാണ് സമാപിച്ചത്. നിരവധി യുഡിഎഫ് പ്രവർത്തകർ ബൈക്ക് റാലിയോടെ സ്ഥാനാർത്ഥി പര്യടനത്തെ അനുഗമിച്ചിരുന്നു.