പാലക്കാട് :മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മലമ്പുഴ പഞ്ചായത്ത് പര്യടനത്തോടെയാണ്. കൊല്ലംകുന്നത്ത് നിന്നാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. സ്ഥാനാർത്ഥി എത്തുന്നതിനു മുൻപ് തന്നെ നിരവധി എ സുരേഷിനെ കാണുന്നതിനുവേണ്ടി അവിടെ എത്തിയിരുന്നു. പ്രധാനമായും തൊഴിലുറപ്പ് തൊഴിലാളികൾക്കും ആശ പ്രവർത്തകർക്കും സ്ഥാനാർത്ഥിയുമായി പങ്കുവെക്കുവാൻ ഉണ്ടായിരുന്നത് അവർ അനുഭവിക്കുന്ന ദുരിത കഥകളെ പറ്റിയായിരുന്നു. പിന്നീട് സ്ഥാനാർത്ഥി പര്യടനം മലമ്പുഴ പഞ്ചായത്തിലെ പൂക്കുണ്ട്, വലിയകാട്, ആനക്കല്ല്, ചേമ്പന, അയ്യപ്പൻപൊറ്റ, കരടിയോട് എന്നിവിടങ്ങളിലൂടെ കടന്നുപോയ ശേഷം മലമ്പുഴ ഗാർഡനിൽ എത്തി. മുമ്പത് വർഷക്കാലമായി അവിടെ ജോലി ചെയ്തിരുന്ന എച്ച്ആർ വിഭാഗം തൊഴിലാളികളെ സർക്കാർ പൊടുന്നനെ പിരിച്ചുവിട്ടിരുന്നു. സ്ഥലം എംഎൽഎയുടെ നിഷ്ക്രിയത്വം കൊണ്ടും സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവം കൊണ്ടും തൊഴിൽ നഷ്ടപ്പെട്ടവരുമായി എ സുരേഷ് കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉറപ്പായും തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം നൽകാമെന്ന വാഗ്ദാനം നൽകിയാണ് എ സുരേഷ് അവിടെ നിന്നും മടങ്ങിയത്. തുടർന്ന് എസ്പി ലൈനിലാണ് മലമ്പുഴ പഞ്ചായത്തിലെ പര്യടനം അവസാനിച്ചത്. പിന്നീട് സ്ഥാനാർത്ഥി ഏതാനം ചില വിവാഹ ചടങ്ങുകളിലും മറ്റുമാണ് പങ്കെടുത്തത്. വൈകുന്നേരം മരുതറോഡ് പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനം കല്ലംകുളം ജംഗ്ഷനിൽ നിന്നാണ് ആരംഭിച്ചത്. ശിഷ്യാ സ്കൂൾ, മുണ്ടെക്കോട്, പ്രതിഭാ നഗർ എന്നിവിടങ്ങളിലൂടെ കടന്നുപോയ സ്ഥാനാർത്ഥി പര്യടനം വടക്കുമുറിയിൽ സമാപിച്ചു. തുടർന്ന് രാത്രിയിൽ യുഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥി പങ്കെടുത്തു.