പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തിൽ പങ്കെടുക്കുന്ന പൊതുപരിപാടിയുടെ പശ്ചാത്തലത്തിൽ പാലക്കാട് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാളെ (മാർച്ച് 29) രാവിലെ 10.45 മുതൽ വൈകീട്ട് 4 വരെയാണ് വിവിധ പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.
യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി പോലീസ് നിർദ്ദേശിച്ചിട്ടുള്ള പുതുക്കിയ റൂട്ടുകൾ താഴെ പറയുന്നവയാണ് (മടക്കയാത്രയും ഇതേ വഴികളിലൂടെ തന്നെ ആയിരിക്കും):
പ്രൈവറ്റ് ബസുകൾക്കുള്ള ക്രമീകരണങ്ങൾ:
വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ നിന്ന്: ദേശീയ പാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ നിന്ന്: ഒലവക്കോട് നിന്നും ശേഖരിപുരം, വിക്ടോറിയ കോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ അല്ലെങ്കിൽ സ്‌റ്റേഡിയം സ്റ്റാൻഡുകളിലേക്ക് തിരിഞ്ഞ് പോകേണ്ടതാണ്.
കെ.എസ്.ആർ.ടി.സി / തമിഴ്നാട് ബസുകൾക്കുള്ള ക്രമീകരണങ്ങൾ:വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ നിന്ന്: കണ്ണനൂർ വഴി തിരിഞ്ഞ് തിരുനെല്ലായി തങ്കം ജംഗ്ഷൻ, യാക്കര, തോട്ടിങ്ങൽ വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറകിലൂടെ പ്രവേശിക്കണം.
കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിൽ നിന്ന്: കാഴ്ചപ്പറമ്പ്, പുഴക്കൽ, യാക്കര വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറകിലൂടെ പ്രവേശിക്കണം.
കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ നിന്ന്: ഒലവക്കോട് നിന്നും ബൈപ്പാസ് വഴി കൽമണ്ഡപം ചന്ദ്രനഗർ വഴി ദേശീയ പാതയിലൂടെ കാഴ്ചപറമ്പിലെത്തി വലത്തോട്ട് തിരിഞ്ഞ്, പുഴക്കൽ, യാക്കര വഴി സ്റ്റാൻഡിന്റെ പുറകിലൂടെ പ്രവേശിക്കേണ്ടതാണ്.
മറ്റു റൂട്ടുകളിലെ ബസുകൾക്കും വാഹനങ്ങൾക്കുമുള്ള ക്രമീകരണങ്ങൾ:
കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ ഭാഗങ്ങളിൽ നിന്ന്: കാടാങ്കോട് നിന്ന് തിരിഞ്ഞ് ദേശീയ പാതയിലൂടെ ചന്ദ്രനഗർ – കൽമണ്ഡപം വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
തേങ്കുറിശ്ശി, നെന്മാറ ഭാഗങ്ങളിൽ നിന്ന്: കാഴ്ചപ്പറമ്പ് ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ദേശീയപാതയിലൂടെ ചന്ദ്രനഗർ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
പൂടൂർ കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗങ്ങളിൽ നിന്ന്: മേപ്പറമ്പ്, പേഴുംകര, ചുണ്ണാമ്പുതറ വഴി വിക്ടോറിയ കോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻന്റുകളിലേക്ക് പ്രവേശിക്കണം.
പോലീസിന്റെ പ്രത്യേക നിർദ്ദേശം:പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നിർദ്ദേശിച്ച വഴികളിലൂടെ മാത്രം യാത്ര ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഈ സമയങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കാവൂ എന്നും അറിയിപ്പിൽ പറയുന്നു.