പാലക്കാട് :കേരളത്തിലെ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ആവേശകരമായ ഒരു വാർത്ത പങ്കുവെക്കുകയാണ്. നീണ്ട പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കെഎസ്ഇബിയിലെ ഇലക്ട്രിസിറ്റി വർക്കർ/മസ്ദൂർ തസ്തികയില്‍ 985 ഒഴിവുകള്‍ ഈ മാസം ആദ്യം തന്നെ ജില്ലാടിസ്ഥാനത്തില്‍ പി എസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്, കൂടുതൽ കാര്യക്ഷമമായ സേവനം ഉറപ്പുവരുത്താനാണ് ഈ പുതിയ നീക്കം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കെഎസ്ഇബി നടപ്പിലാക്കുന്ന ഈ മാറ്റം തൊഴിൽ മേഖലയിൽ പുതിയൊരു മാതൃകയാകും.യോഗ്യതാ മാനദണ്ഡങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾമുൻപുണ്ടായിരുന്ന നിബന്ധനകളിൽ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. അതിനുമുൻപ് ഏഴാം ക്ലാസ് വിജയിച്ച് സൈക്കിൾ സവാരി അറിയുന്ന പുരുഷന്മാർക്ക് മാത്രമായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനായിരുന്നത്. എന്നാൽ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ യോഗ്യതകളിൽ മാറ്റം വരുത്തിയത്. പുതുക്കിയ യോഗ്യതകൾ അനുസരിച്ച് എസ്.എസ്.എൽ.സി വിജയത്തോടൊപ്പം ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ ട്രേഡിൽ രണ്ടുവർഷത്തെ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (NTC/SNTC) ഉള്ളവർക്ക് മാത്രമേ ഇനി അപേക്ഷിക്കാനാവൂ. സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണമെന്ന പഴയ നിബന്ധന പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.ശാരീരികക്ഷമതയും പരിശോധനയും
ഫീൽഡ് തലത്തിലുള്ള ജോലിയായതിനാൽ കൃത്യമായ ശാരീരികക്ഷമത ഉദ്യോഗാർത്ഥികൾക്ക് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഒൻപത് മീറ്റർ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റ് എട്ട് മിനിറ്റ് കൊണ്ട് കയറിയിറങ്ങുന്ന പരിശോധന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉദ്യോഗാർത്ഥികൾക്ക് നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം എന്നതും വർണ്ണാന്ധത പാടില്ല എന്നതും നിർബന്ധമാണ്. ഉയരത്തിന്റെ കാര്യത്തിൽ പുരുഷന്മാർക്ക് 157.48 സെന്റിമീറ്ററും വനിതകൾക്ക് 144.78 സെന്റിമീറ്ററുമാണ് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ പരിധി.