മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മലപ്പുറം പോലീസ്. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക സാമൂഹ്യ മാധ്യമ നിരീക്ഷണ വിഭാഗം ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവർത്തിച്ച് വരുന്നുണ്ട്. പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ പോസ്റ്റുകൾ അപ്ലോഡ് ചെയ്ത ഏഴ് പേർക്കെതിരെ കേസെടുത്തു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 84 പോസ്റ്റുകൾ നീക്കം ചെയ്തു. വിദേശ രാജ്യങ്ങളിൽ ഇരുന്ന് സോഷ്യൽ മീഡിയ വഴി വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെയും ശക്തമായ നടപടി കൈകൊള്ളുന്നുണ്ട്. അത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പ്രസിദ്ധീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കുന്നത്. സ്ഥിരീകരിക്കാത്ത വാർത്തകൾ ഫോർവേഡ് ചെയ്യുകയോ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയോ ചെയ്യരുത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. തെറ്റായ വിവരങ്ങൾ ബോധപൂർവം നിർമ്മിക്കുന്നവർക്കും അത് പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് പോലീസ് അറിയിച്ചു.