തൃശൂര്‍ : രാജ്യത്ത് നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ ശക്തമായ സാംസ്കാരികപ്രതിരോധം ഉയരണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം കെ പ്രകാശ് ബാബു. എല്‍ഡിഎഫ് തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ആലങ്കോട് ലീലാകൃഷ്ണത്തിന്റെ വിജയത്തിന് സംഘടിപ്പിച്ച മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സാസരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഭരണത്തിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ മതേതരത്വത്തെ തകർക്കാനാണെന്നും ഇന്ത്യയുടെ വികസനത്തിൽ വലിയ പങ്ക് വഹിച്ച ക്രൈസ്തവ മിഷനറിമാർക്ക് നേരെ പോലും വ്യാപകമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങളും ചരിത്രപ്രധാനമായ സ്ഥലനാമങ്ങൾ മാറ്റുന്ന പ്രവണതയും രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ നിൽക്കേണ്ടത് സാംസ്കാരിക മേഖലയാണെന്ന തിരിച്ചറിവോടു കൂടിയാണ് ആലങ്കോട് ലീലാകൃഷ്ണനെപ്പോലുള്ള സാംസ്കാരിക നായകന്മാരെ സ്ഥാനാർത്ഥികളാക്കിയത്; അത് ഇവിടുത്തെ പ്രബുദ്ധരായ ജനത ഏറ്റെടുക്കുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് 2016-ലെ നോട്ട് നിരോധനത്തിന് സമാനമായ ദുരിതമാണ് രാജ്യം ഇന്ന് അനുഭവിക്കുന്നത്. പാചകവാതക ക്ഷാമവും ഇന്ധനവില വർധനവും മൂലം ജനങ്ങൾ വലയുമ്പോഴും കേന്ദ്ര സർക്കാർ നിസ്സംഗത തുടരുകയാണ്. വിദേശനയത്തിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന് വഴങ്ങുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നതെന്നും ഇറാനിലും വെനസ്വേലയിലും നടക്കുന്ന അധിനിവേശങ്ങളെ ചോദ്യം ചെയ്യാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനും ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന സിപിഐ(എം) നേതാവ് എം കെ കണ്ണന്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ വിഎസ് സുനിൽകുമാർ, പി ബാലചന്ദ്രൻ എംഎൽഎ, പി ബാലചന്ദ്രൻ എംഎൽഎ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, അഡ്വ. സുമേഷ് കെ ബി, അനൂപ് ഡേവിസ്കാട, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പ്രിജു ആന്റണി, ഷോബിൻ തോമസ്, സി ആര്‍ വത്സൻ, ഷൈജു ബഷീർ, അഡ്വ. വിവേകാനന്ദൻ, ജെയിംസ് മുട്ടിക്കൽ, പോൾ എം ചാക്കോ, അഡ്വ. ദിപിൻ തെക്കേപ്പുറം, കെ രവീന്ദ്രൻ, ടി ആർ ഹിരൺ, സാറാമ്മ റോബ്സൻ, ബിനോയ് ഷബീർ, ടി ഗോപിദാസ്, ടി സുധാകരൻ തുടങ്ങിയവര്‍ പങ്കെടുത്തു.