പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിൻെറ ഭാഗമായി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്ര സുരക്ഷാ സേനയും, കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി . തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനും പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പുവരുത്തുന്നതിനുമാണ് മാർച്ച് സംഘടിപ്പിച്ചത്.
മേഴ്സി കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പ്രധാന കേന്ദ്രങ്ങളായ പള്ളിപ്പുറം, കാണിക്കമാതാ, മേപ്പറമ്പ്, മേലാമുറി, നൂറിണി, പുതുപ്പള്ളി തെരുവ്, KSRTC പരിസരം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മാർച്ച്സമാപിച്ചു.
പാലക്കാട് സബ് ഡിവിഷൻ ഡിവൈ.എസ്.പി കെ.എൽ ഷാജുവിൻെറ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. കേന്ദ്ര സുരക്ഷാ സേനയിലെ ജവാന്മാരും കേരള പോലീസിലെ ഉദ്യോഗസ്ഥരും മാർച്ചിൽ അണിനിരന്നു.തിരഞ്ഞെടുപ്പ് കാലയളവിൽ ക്രമസമാധാനം ഉറപ്പാക്കുക, വോട്ടർമാർക്ക് ഭയരഹിതമായി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നിവയാണ് റൂട്ട് മാർച്ചിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിലുള്ള റൂട്ട് മാർച്ചുകളും കർശനമായ വാഹന പരിശോധനയും തുടരുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.