anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാചകവാതക ക്ഷാമം രൂക്ഷം: ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയതോടെ വിറക് വില കുതിച്ചുയരുന്നു

പാലക്കാട്‌ :പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പാലക്കാട് ജില്ലയിലെ ഗ്രാമീണ മേഖലകളിൽ വിറകിന് വില കുത്തനെ ഉയർന്നു. ഗ്യാസ് ലഭ്യമാകാത്ത സാഹചര്യത്തിൽ നിരവധി ഹോട്ടലുകൾ പാചകം വിറക് അടുപ്പിലേക്ക് മാറ്റിയതോടെയാണ് വിപണിയിൽ വിറകിന്റെ ആവശ്യകതയും വിലയും വർദ്ധിച്ചത്.

സാധാരണയായി ഗ്യാസ് ഉപയോഗിച്ച് തയ്യാറാക്കിയിരുന്ന വിഭവങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ വിറക് ഉപയോഗിച്ച് പാചകം ചെയ്യേണ്ട ഗതികേടിലാണ് ഹോട്ടലുടമകൾ. ഇതോടെ ഹോട്ടലുകൾ വലിയ തോതിൽ വിറക് വാങ്ങാൻ തുടങ്ങുകയും, പ്രാദേശിക വിപണിയിൽ വിറകിന്റെ ലഭ്യത കുറയുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിപണിയിൽ വിറകിന്റെ വില ടണ്ണിന് 1000 മുതൽ 1500 രൂപ വരെയാണ് വർദ്ധിച്ചത്. വിപണിയിലെ നിലവിലെ വിലവിവരങ്ങൾ താഴെ പറയുന്നതാണ്:

പുളിമരം (പൊളിക്കാത്തത്): ടണ്ണിന് 5000 രൂപയിൽ നിന്നും 6000 രൂപയായി ഉയർന്നു. (ഇത് പൊളിച്ച് നൽകാൻ ഏകദേശം 1000 രൂപ അധിക ചെലവ് വരും. മറ്റ് വിറകുകൾ പൊളിച്ച് നൽകുമ്പോൾ ടണ്ണിന് 7500 രൂപ വരെ ഈടാക്കുന്നുണ്ട്).

പടുവിറക്: ടണ്ണിന് 3200 രൂപയിൽ നിന്ന് 4200 രൂപയായി.

റബ്ബർ വിറക്: 4000 രൂപയിൽ നിന്ന് 5000 രൂപയായി ഉയർന്നു.

വിറക് ചുള്ളി: 3800 രൂപയിൽ നിന്ന് 4500 രൂപയായി വർദ്ധിച്ചു.

തെങ്കര, ഒല്ലൂർ മാർക്കറ്റുകളിലേക്കാണ് കൂടുതലായും വിറക് എത്തുന്നത്. എന്നാൽ ഹോട്ടലുകൾ വൻതോതിൽ വിറക് വാങ്ങാൻ തുടങ്ങിയതോടെ ഒല്ലൂർ മാർക്കറ്റിൽ വിറകിന് ക്ഷാമം അനുഭവപ്പെടുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ഹോട്ടലുകളാണ് വിറക് കൂടുതലായി വാങ്ങുന്നത്. എന്നാൽ പാചകവാതക ക്ഷാമം ഇതേപടി തുടരുകയാണെങ്കിൽ ഗാർഹിക ആവശ്യങ്ങൾക്കായി വിറക് വാങ്ങുന്നവരുടെ എണ്ണവും വർദ്ധിക്കുമെന്നും, അതോടെ വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കാമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

Spread the News

Leave a Comment