anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പോലീസ് സേനയിലേക്ക് 330 പുതിയ അംഗങ്ങൾ കൂടി

തിരുവനന്തപുരത്തു പേരൂർക്കടയിൽ എസ്.എ. പി പരേഡ് ഗ്രൗണ്ടിൽ നടന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ എസ്.എ.പി, കെ.എ.പി ഒന്ന് , മൂന്ന് , വുമൻസ് ബറ്റാലിയൻ എന്നിവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 330 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾമാർ കേരള പോലീസിന്റെ ഭാഗമായി. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പരേഡിൻറെ അഭിവാദ്യം സ്വീകരിച്ചു.

സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ എസ്.എ.പിയിലെ 98 ഉം കെ.എ.പി മൂന്നാം ബറ്റാലിയനിലെ 67 റിക്രൂട്ട് സേനാംഗങ്ങളും പാലക്കാട് ഡി.എച്ച്.ക്യുവിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ കെ.എ.പി ഒന്നാം ബറ്റാലിയനിലെ 61 പേരും കേരള പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ വനിതാ ബറ്റാലിയനിലെ 104 പേരും ഉൾപ്പെടെ 330 റിക്രൂട്ട് സേനാംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്.

ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനത്തിൻറെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം ലഭിക്കുകയുണ്ടായി.

ഇൻഡോർ വിഭാഗത്തിൽ ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, മോട്ടോർ വെഹിക്കിൾ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷൻ, സോഷ്യൽ മീഡിയ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനായി ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, പീനോളജി, വിക്ടിമോളജി, സൈബർ ഫോറൻസിക് എന്നീ വിഷയങ്ങളിലും പരിശീലനം നൽകിയിട്ടുണ്ട്.
സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ജെൻഡർ ന്യൂട്രൽസ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയവ പോലീസിൻറെ മാനവിക മുഖത്തിൻറെ സാക്ഷ്യം കൂടിയാണ്.

ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സംസ്ഥാന പോലീസ് മേധാവി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

എസ്.എ.പി ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് മിഥുൻ മോഹൻ എസ്.എം ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അഫ്സൽ എം.എസ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുത്തത് കിരൺ എസ് നെയാണ്. വിഷ്ണു എസ്.ബി യാണ് മികച്ച ആൾ റൗണ്ടർ.
കെ.എ.പി ഒന്നാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് റൂബെൻ ജോയ് ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അജയ് എ ആർ തെരഞ്ഞെടുക്കപ്പെട്ടു. സൂരജ് കൃഷ്ണ കെ ആർ ആണ് മികച്ച ഷൂട്ടർ. മികച്ച ആൾ റൗണ്ടറായി അഖിൽ എസ് നേയും തെരഞ്ഞെടുത്തു..
കെ.എ.പി മൂന്നാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് രുക്കു രാജേന്ദ്രൻ ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി അഭിമന്യു തെരഞ്ഞെടുക്കപ്പെട്ടു ആദർശ് വിമൽ ആണ് മികച്ച ഷൂട്ടർ. അജിൻ ടി എസ് മികച്ച ആൾ റൗണ്ടറായും തെരഞ്ഞെടുക്കപ്പട്ടു.
വനിതാ ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ഹരിപ്രിയ എ എൽ ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി മീനാക്ഷി ജെ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ജലി രാജപ്പൻ ആണ് മികച്ച ഷൂട്ടർ. ഫാത്തിമ സലിം മികച്ച ആൾ റൗണ്ടറായും തെരഞ്ഞെടുക്കപ്പട്ടു.

എ.ഡി.ജി.പി മാരായ എസ് ശ്രീജിത്ത് (പോലീസ് ആസ്ഥാനം ), ദിനേന്ദ്ര കശ്യപ് (ബറ്റാലിയൻ ), എച് വെങ്കടേഷ് (ലോ & ഓർഡർ) മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേന അംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Spread the News

Leave a Comment