കൊച്ചി. താരസംഘടനയായ ‘അമ്മ’യുടെ (AMMA) നേതൃത്വത്തിൽ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുടുംബസംഗമത്തിനിടെ ഭാരവാഹികൾ തമ്മിൽ രൂക്ഷമായ വാക്‌പോര്. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്‌സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിലുണ്ടായ തർക്കത്തിന്റെ ഓഡിയോ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഇരു താരങ്ങളും ഇപ്പോൾ ‘അമ്മ’ നേതൃത്വത്തിന് പരസ്പരം പരാതി നൽകിയിട്ടുണ്ട്.
കുടുംബസംഗമത്തിലെ കലാപരിപാടികളെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം ആരംഭിച്ചത്.
ലക്ഷ്മിപ്രിയ കോർഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ പങ്കെടുക്കേണ്ടിയിരുന്ന ഒരു കുട്ടിയെ നീന കുറുപ്പ് സ്റ്റേജിൽ കയറാൻ അനുവദിച്ചില്ല എന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ഇതിൽ പ്രകോപിതയായ ലക്ഷ്മിപ്രിയ സംഘടനയുടെ ആഭ്യന്തര വാട്സ്ആപ്പ് ഗ്രൂപ്പിൽ നീന കുറുപ്പിനെതിരെ കടുത്ത ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഉന്നയിക്കുകയായിരുന്നു.
“ഗതികിട്ടാതെ നര.കിച്ച് ചാകും, പു.ഴു.ത്ത് പു.ഴു.ത്ത് ചാ.കും” തുടങ്ങിയ രൂക്ഷമായ പരാമർശങ്ങൾ ഈ ഓഡിയോ സന്ദേശത്തിൽ വ്യക്തമായി കേൾക്കാം.
എന്നാൽ, ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി നീന കുറുപ്പും രംഗത്തെത്തി.
ഇരുവരും നേതൃത്വത്തെ സമീപിച്ചതോടെ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇതിനുപുറമെ, പ്രസിഡന്റ് ശ്വേത മേനോനെതിരെയും സംഘടനയ്ക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
എന്നാൽ നടിമാരാരും തന്നെ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.