ചെർപ്പുളശ്ശേരി. 1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കിഫ്ബി മുഖേനെ കഴിഞ്ഞ പത്ത് വർഷം കൊണ്ട് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെർപ്പുള്ളശ്ശേരി ടൗൺ നവീകരണ പൂർത്തികരണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തീരദേശ, മലയോര ഹൈവേകൾ, നാഷണൽ ഹൈവേ, തിരുവനന്തപുരം റിങ് റോഡ് എം.സി റോഡ് വികസനം, ദേശീയ ജലപാതയും വയനാട് തുരങ്കപാത ഇങ്ങനെ നിരവധി പദ്ധതികൾ നടപ്പിലാക്കി. വികസനം ഉണ്ടാകുമ്പോൾ വിവിധ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഈ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളെ കൈ വിടുകയല്ല സർക്കാർ ചെയ്തത്. അവരെ ചേർത്ത് പിടിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ വികസനം അതി പ്രധാനമാണെന്ന് കണ്ടു കൊണ്ട് സ്വന്തം ജീവിത മാർഗമായ വ്യാപാര സ്ഥാപനങ്ങൾ തന്നെ ഒഴിഞ്ഞു തരാൻ തയ്യാറായവരാണ് വ്യാപാരികൾ. വികസന പദ്ധതി നടപ്പാക്കാൻ സർക്കാരുമായി പൂർണ്ണമായും സഹകരിക്കുന്ന നിലയാണ് പൊതുവെ വ്യാപാരികൾ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടി ചേർത്തു.
ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ പി. മമ്മിക്കുട്ടി എം.എൽഎ അധ്യക്ഷനായി. പരിപാടിയിൽ ചെർപ്പളശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.ടി ജെംസിയ, വൈസ്
ചെയർമാൻ സി. ജയകൃഷ്ണൻ, നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറ ഭാനു, നഗരസഭ മുൻ ചെയർമാൻ പി. രാമചന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.എഫ്.ബി ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.