ചെർപ്പുളശ്ശേരി. വള്ളുവനാടൻ ക്ഷേത്രോത്സവങ്ങൾക്ക് സമാരംഭം കുറിക്കുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല ആഘോഷം വ്യാഴാഴ്ച നടക്കും. നാളെ നടക്കുന്ന മോട്ടോർ മഹോത്സവം ക്ഷേത്രോത്സവത്തിന്റെ മുഖ്യ ആകർഷണമാണ്. വ്യാഴാഴ്ച ക്ഷേത്രത്തിൽ പാലും വെള്ളരി എന്ന പ്രത്യേക പൂജ നടക്കും. ഇത് തൊഴുതു മടങ്ങുന്നതിനായി നൂറുകണക്കിന് ആളുകൾ വിവിധ പ്രദേശത്ത് നിന്നും ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകുന്നേരം 50ലധികം ജോഡി ഇണക്കാളകൾ നഗരം ചുറ്റി ക്ഷേത്രത്തിലെ കാള പറമ്പിൽ ഒത്തുചേരും. പിന്നീട് ഓരോ കാളകളും ഭഗവതിയെ തൊഴുത ശേഷം പിൻവാങ്ങുന്നതോടെ കാളവേലാഘോഷങ്ങൾക്ക് സമാപനം ആകും. വെള്ളിയാഴ്ച നടക്കുന്ന താലപ്പൊലി ആഘോഷം മോഴിക്കുന്ന് മനയിൽ നിന്നും ആരംഭിക്കും. കാളപ്പറമ്പിലെ പഞ്ചവാദ്യം താലപ്പൊലിയുടെ മുഖ്യ ആകർഷണമാണ്. ഇതോടെ ക്ഷേത്രത്തിൽ നടന്നിരുന്ന പാവക്കൂത്തിനും സമാപനമാകും.