ഒഡീഷ. മലയാളിയും ചെർപ്പുളശ്ശേരി അടക്കാപുത്തൂർ സ്വദേശിയുമായ സുരേഷ് കെ നായർ ഒഡീഷയിൽ 2500 ചതുര അടി വിസ്തൃതിയിൽ മ്യൂറൽ പെയിന്റിംഗ് നടത്തുകയാണ്.
ഒഡീഷാ സർക്കാരിന്റെ കീഴിലുള്ള കല്ലിക്കോട്ട് ആർട്സ് ആൻഡ് ക്രാഫ്റ്റ് കോളജിലാണ് ഇദ്ദേഹം ചിത്രരചന നടത്തുന്നത്. കോളേജിന്റെ എഴുപതാം വാർഷികത്തിന് ഭാഗമായാണ് ഈ ചിത്രരചന നടത്താൻ വേണ്ടി തന്നെ ഏൽപ്പിച്ചത് എന്ന് സുരേഷ് കെ നായർ പറഞ്ഞു. കോളേജിലെ പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും ഇദ്ദേഹത്തോടൊപ്പം സഹകരിക്കുന്നുണ്ട്.
ഗുരുവായൂർ ചുമർചിത്ര പഠനകേന്ദ്രത്തിൽ നിന്നും മ്യൂറൽ പെയിന്റിങ്ങിൽ വൈദഗ്ധ്യം നേടിയ ശേഷം ഇപ്പോൾ ബനാറസ് ഹിന്ദു സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന ഈ ചിത്രകാരൻ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ തന്റെ ചിത്രരചനകൾ നടത്തി ഇതിനോടകം ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 7000 ചതുരശ്ര അടിയിൽ ചെർപ്പുളശ്ശേരി ഹൈസ്കൂൾ ചുമരുകൾ മ്യൂറൽ പെയിന്റിംഗ് നടത്തിയതോടെയാണ് ഇദ്ദേഹം ലോക ശ്രദ്ധ ആകർഷിച്ചത്. ഒഡീഷ സംസ്ഥാനത്തെ ഏറ്റവും വലിയ ചിത്രരചനയാണ് താൻ നടത്തുന്നതെന്ന് സുരേഷ് കെ നായർ അനുഗ്രഹ വിഷനോട് പറഞ്ഞു. ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വിദ്യാർത്ഥികളും ഇദ്ദേഹത്തോടൊപ്പം ചിത്രരചനയിൽ സഹായിക്കുന്നുണ്ട്. ചിത്രം 8 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് സുരേഷ് കെ നായർ പറഞ്ഞു.