കൊച്ചി, ജനുവരി 31, 2026: ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവനദാതാവായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, 2025 ഡിസംബർ 31ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികൾ അവസാനഘട്ടത്തിലാണ്. ലയിപ്പിച്ചു രൂപീകരിക്കുന്ന “ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡി”ന്റെ സംയുക്ത പ്രകടനം ഏറെ ആത്മവിശ്വാസം നൽകുന്നതാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇക്കാലയളവിൽ സംയുക്ത വരുമാനം 15 ശതമാനവും പ്രവർത്തന ലാഭം 22 ശതമാനവും വർധിച്ചു. ഈ ശൃംഖലകളിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവും ലോകോത്തര നിലവാരമുള്ള സേവനങ്ങൾ നൽകാൻ കഴിഞ്ഞതുമാണ് ഈ വളർച്ചയ്ക്ക് കരുത്തേകിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 560 പുതിയ കിടക്കകൾ കൂടി സജ്ജീകരിച്ചതോടെ ഒരുമിച്ചുള്ള ശൃംഖലയ്ക്ക് കീഴിൽ ഇപ്പോൾ 28 നഗരങ്ങളിലായി 10,620 രോഗികളെ ഒരേസമയം കിടത്തി ചികിൽസിക്കാനുള്ള സൗകര്യമുണ്ട്. ഭാവി വളർച്ച ലക്ഷ്യമിട്ട് 4,000 കിടക്കകൾ കൂടി അധികമായി ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളും മികച്ച നേതൃത്വവും മുൻനിർത്തി ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങിക്കഴിഞ്ഞതായി ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ലയനം പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിൽ ഒന്നായി മാറാൻ ഞങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസ്റ്ററിന്റെ മാത്രം വരുമാനത്തിൽ 13% വളർച്ച കൈവരിച്ചത് ശ്രദ്ധേയമാണ്. പുതുതായി ആരംഭിച്ച കാസർകോട് യൂണിറ്റിൽ നിന്നുള്ള കണക്കുകൾ മാറ്റി നിർത്തിയാൽ, പ്രവർത്തന ലാഭത്തിൽ 17% വളർച്ചയാണ് രേഖപ്പെടുത്തിയത്. ചിലവുകൾ കുറച്ചും കാര്യക്ഷമത വർദ്ധിപ്പിച്ചും ലാഭത്തിന്റെ നിരക്ക് 20.2 ശതമാനമായി ഉയർത്താനും സാധിച്ചു.
ഇന്ത്യയിലെ പ്രവർത്തന മികവ്
കേരളത്തിലെ മികച്ച പ്രകടനവും മെഡിക്കൽ ടൂറിസത്തിലൂടെയുള്ള അന്താരാഷ്ട്ര വരുമാനത്തിലെ വർധനവും മൾട്ടി സ്പെഷ്യലിറ്റി ചികിത്സാ വിഭാഗങ്ങളിൽ നിന്നുള്ള നേട്ടവും ആസ്റ്ററിന്റെ വരുമാനത്തിലും പ്രവർത്തന ലാഭത്തിലും രണ്ടക്ക വളർച്ച ഉറപ്പാക്കി. സങ്കീർണമായ പ്രത്യേക ചികിത്സാ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതോടെ, ഇൻ പേഷ്യന്റ് വിഭാഗത്തിൽ ഒരു രോഗിയിൽ നിന്നുള്ള ശരാശരി വരുമാനം 9% വർധിച്ച് 1,22,294 രൂപയായി. ഹൃദ്രോഗം, അർബുദം, വൃക്കരോഗം, ഗ്യാസ്‌ട്രോ എന്ററോളജി, ഓർത്തോപീഡിക്സ് എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിൽ നിന്നുള്ള വരുമാന വിഹിതം 52 ശതമാനമായി ഉയർന്നു.
ചികിത്സ തേടിയെത്തിയവരുടെ ആകെ എണ്ണത്തിൽ 10% വർധനവുണ്ടായി. ഇതിൽ കിടത്തിച്ചികിത്സാ വിഭാഗത്തിൽ 5 ശതമാനവും ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 11 ശതമാനവുമാണ് വളർച്ച. ശസ്ത്രക്രിയകളിൽ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചതും ആശുപത്രി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയതും വഴി രോഗികൾ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ശരാശരി സമയം 3.1 ദിവസമായി കുറഞ്ഞു. രോഗികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നു എന്നതിന്റെ സൂചനയാണിത്. അതുവഴി ആശുപത്രിക്ക് കൂടുതൽ പേർക്ക് ചികിത്സ നൽകാനും കഴിയും.
മെഡിക്കൽ ടൂറിസം വഴി വിദേശത്തുനിന്നുള്ള രോഗികളിൽ നിന്നുള്ള വരുമാനത്തിൽ 41 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. അർബുദ ചികിത്സാ (ഓങ്കോളജി) വിഭാഗത്തിൽ നിന്നുള്ള വരുമാനം 27% വർധിച്ചു. മൊത്തം വരുമാനത്തിൽ ഈ വിഭാഗത്തിന്റെ വിഹിതം 10 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു.
ആസ്റ്റർ ലാബ്‌സ് ലാബ് ശൃംഖലയിൽ നിന്നുള്ള വരുമാനം 17 ശതമാനവും പ്രവർത്തന ലാഭം 31 ശതമാനവും വർധിച്ചതും നേട്ടമായി. ലാഭവിഹിതം 9.4 ശതമാനത്തിൽ നിന്ന് 10.5 ശതമാനമായി ഉയർത്താനും ലാബ്‌സിന് കഴിഞ്ഞു.
പ്രധാന ആശുപത്രികളുടെ പ്രവർത്തനം
ആസ്റ്ററിന്റെ പ്രധാന ആശുപത്രികളും ക്ലിനിക്കുകളും ചേർന്ന് 21.4% പ്രവർത്തന ലാഭവിഹിതമാണ് കൈവരിച്ചത്. പുതുതായി തുടങ്ങിയ കാസർകോട് യൂണിറ്റ് ഒഴിവാക്കിയാൽ ഇത് 22.8% വരും. ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന പ്രധാന ആശുപത്രികളുടെ ലാഭവിഹിതം 25.1 ശതമാനമായി ഉയർന്നു.
കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയുടെ വരുമാനത്തിൽ 24 ശതമാനവും പ്രവർത്തന ലാഭത്തിൽ 33 ശതമാനവും വർധനവുണ്ടായി. 30 ശതമാനമെന്ന മികച്ച ലാഭവിഹിതമാണ് സ്ഥാപനം നേടിയത്. കോഴിക്കോട്ടെ ആസ്റ്റർ മിംസ് വരുമാനത്തിൽ 14 ശതമാനവും പ്രവർത്തന ലാഭത്തിൽ 20 ശതമാനവും വളർച്ച കൈവരിച്ചു. ലാഭവിഹിതം 26 ശതമാനമാണ്. ബംഗളുരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് വരുമാനത്തിൽ 14% വർധനവ് രേഖപ്പെടുത്തി.
മേഖലകൾ തിരിച്ചുള്ള പ്രകടനം
കേരളത്തിൽ ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണം 15% വർധിച്ചു. ഇത് 20% വരുമാന വളർച്ചയ്ക്ക് വഴിയൊരുക്കി. പ്രത്യേകിച്ച് കേരളത്തിലെ മെഡിക്കൽ ടൂറിസം വരുമാനത്തിൽ 64 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കേരള ക്ലസ്റ്ററിലെ പ്രവർത്തന ലാഭം 18 ശതമാനമാണ് വർധിച്ചത്. കാസർകോട് യൂണിറ്റിന്റെ കണക്കുകൾ ഒഴിവാക്കിയാൽ ഇത് 28 ശതമാനമാണ്.
ആന്ധ്ര, തെലങ്കാന മേഖലയിൽ വരുമാനം 13 ശതമാനവും ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണം 9 ശതമാനവും വർധിച്ചു. പ്രവർത്തന ലാഭത്തിൽ 7 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി.
ലയന നടപടികൾ ധ്രുതഗതിയിൽ
ബ്ലാക്ക്‌സ്റ്റോൺ, ടിപിജി എന്നീ ആഗോള നിക്ഷേപകർക്ക് ആസ്റ്റർ ഓഹരികൾ അനുവദിച്ചു നൽകുന്ന നടപടികൾ പൂർത്തിയായി. ഈ ഓഹരികൾ ഇപ്പോൾ ബിഎസ്ഇ (BSE), എൻഎസ്ഇ (NSE) എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലയനത്തിന് എക്സ്ചേഞ്ചുകളിൽ നിന്ന് ‘നോ ഒബ്ജക്ഷൻ’ സർട്ടിഫിക്കറ്റ് ലഭിച്ചു. 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഓഹരി ഉടമകളുടെ യോഗം ചേരും. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലയന നടപടികൾ പൂർണ്ണമായും അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്വാളിറ്റി കെയർ ഇന്ത്യ മൂന്നാം പാദത്തിൽ 1,181 കോടി രൂപയുടെ വരുമാനമാണ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17% ന്റെ വളർച്ചയാണിത്. സ്ഥാപനത്തിന്റെ പ്രവർത്തന ലാഭം 32% വർധിച്ച് 279 കോടി രൂപയായി. മികച്ച രീതിയിലുള്ള സേവനങ്ങളും തന്ത്രപ്രധാന വളർച്ചാ പദ്ധതികളുമാണ് ഈ നേട്ടത്തിന് പിന്നിൽ. ആസ്റ്റർ ഡിഎം ഹെൽത്ത്കെയറുമായുള്ള ലയനത്തിന് ശേഷം ആകെ 39 ആശുപത്രികളും 10,620ലധികം കിടക്കകളുമായി രാജ്യത്തെ ആരോഗ്യരംഗത്തെ കരുത്തുറ്റ സാന്നിധ്യമായി പുതിയ സ്ഥാപനം മാറും.