പാലക്കാട്. ആരോഗ്യവകുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പാലക്കാട് ജില്ലയിൽ 1793 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 2025 ഡിസംബറിലെ കണക്കുകൾ മാത്രം നോക്കുമ്പോൾ വിളയൂർ, കൊപ്പം, അലനല്ലൂർ എന്നീ പഞ്ചായത്തുകളിലും ഒറ്റപ്പാലം, പട്ടാമ്പി എന്നീ മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2026 ജനുവരി ഒന്നു മുതൽ 14 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ അനങ്ങനടി പഞ്ചായത്തിൽ മാത്രം 37 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ കരിമ്പുഴ പഞ്ചായത്തിൽ 12 കേസുകളും ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിൽ 10 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹെപ്പറ്റൈറ്റീസ് – എ അഥവാ മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഹെപ്പറ്റൈറ്റീസ് – എ വൈറസ് കാരണമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് മൂലം കരളിലെ കോശങ്ങള്‍ നശിക്കുകയും കരളിൻ്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യുന്നു. ഇതിനാല്‍ മഞ്ഞനിറത്തിലുളള ബിലിറൂബിൻ്റെ അംശം രക്തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം, എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗബാധിതനായ ഒരാളുടെ മലം മൂലം മലിനമായ ജലത്തിലൂടെയും, ആഹാരത്തിലൂടെയും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഈ രോഗം പകരുന്നത്. ലക്ഷണങ്ങള്‍ നോക്കി ലാബ് പരിശോധനയിലൂടെയാണ് മഞ്ഞപ്പിത്തരോഗം സ്ഥിരീകരിക്കുന്നത്.
പ്രതിരോധമാര്‍ഗ്ഗങ്ങള്‍*
• രോഗം സ്ഥിരീകരിച്ചയാൾ / രോഗലക്ഷണങ്ങള്‍ ഉളളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗ പകർച്ച തടയുക.
രോഗം പൂർണ്ണമായും മാറുന്നത് വരെ 2 ആഴ്ച്ചക്കാലം വിശ്രമിക്കേണ്ടതാണ്. രോഗികൾ കഠിനമായ കായികപ്രവൃത്തികളിൽ ഏർപ്പെടരുത്.
• രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക ,ഭക്ഷണം പങ്കു വയ്ക്കാതിരിക്കുക.
• രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക. രോഗി ഉപയോഗിക്കുന്ന ടോയ്ലറ്റുകളിലും കൂടുതൽ സമയം ചെലവഴിക്കുന്ന മുറികളിലെ പ്രതലങ്ങളിലും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തേണ്ടതാണ്
• ഛര്‍ദ്ധി ഉണ്ടെങ്കിൽ ശൗചാലയത്തില്‍ തന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
• മഞ്ഞപിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളിക കഴിക്കാതിരിക്കുക.
• പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.
• കുട്ടികളുടെ മലം തുറസ്സായ സ്ഥലം, കുളിമുറി, വാഷ് ബെയിസിന്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കാതെ ശൗചാലയത്തിൽ മാത്രം സംസ്ക്കരിക്കുക.
• മഞ്ഞപിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്ത് കുടിവെളള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. (1000 ലിറ്റർ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്ന അനുപാതത്തിൽ).
പൊതു നിർദ്ദേശങ്ങൾ
• ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍റ് കഴുകി അണുവിമുക്തമാക്കുക.
• ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്ത വിധം മൂടിവെയ്ക്കുക.
• കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കാരുത്.
• ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക. സ്വയം ചികിത്സ അരുത്.
• പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നോ ഒറ്റമൂലി ചികിത്സയോ സ്വീകരിക്കാതിരിക്കുക.