anugrahavision.com

കൊടും തണുപ്പിൽ തണലായി നാസർ തൂതയും സംഘവും;* *തെരുവോരങ്ങളിൽ പുതപ്പ് വിതരണം*

പെരിന്തൽമണ്ണ / തൂത: ഡിസംബർ–ജനുവരി മാസങ്ങളിലെ കഠിനമായ മഞ്ഞുകാലത്ത് തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ആശ്വാസമായി ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയുടെ നേതൃത്വത്തിൽ ഏകദേശം 600 ഓളം പുതപ്പുകൾ വിതരണം ചെയ്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലായി നടന്ന ഈ സേവനം അശരണർക്കൊരു വലിയ ആശ്വാസമായി.

രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലുമായി തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന നിലാരംഭരായ മനുഷ്യരിലേക്കാണ് നാസർ തൂതയും സംഘവും നേരിട്ട് എത്തി പുതപ്പുകൾ പുതപ്പിച്ചു നൽകിയത്. സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായസഹകരണത്തോടെയാണ് ഈ സ്തുത്യർഹമായ പ്രവർത്തനം നടപ്പാക്കിയത്.
അതുപോലെതന്നെ നാസർ തൂത ഡ്രസ് ബാങ്ക് വിജയകരമായി ആറ് വർഷം പൂർത്തിയാക്കി. ഇതിനോടകം 1200 ഓളം നിർധന സഹോദരിമാരുടെ വിവാഹങ്ങൾക്ക്, ജാതിമതഭേദമന്യേ, കേരളത്തിനകത്തും പുറത്തുമായി സൗജന്യമായി വിവാഹ വസ്ത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ, ആരാരുമില്ലാതെ തെരുവുകളിൽ അലയുന്നവരെ കുളിപ്പിച്ച് വൃത്തിയാക്കി, പൊതു വസ്ത്രം അണിയിച്ചു, താടിയും മുടിയും ശുചീകരിച്ച് ഇഷ്ടമുള്ള ഭക്ഷണം നൽകി പോലീസിന്റെ സഹായത്തോടെ നൂറോളം പേരെ അഗതിമന്ദിരങ്ങളിലേക്ക് എത്തിക്കാനും സംഘത്തിന് സാധിച്ചു.
പുതപ്പ് വിതരണത്തിൽ നാസർ തൂതയ്‌ക്കൊപ്പം മുജീബ് പി.കെ., ബാബു, സുനി, ഷെഫീഖ്, മുഹമ്മദാലി, ഷമീർ (കണ്ണൂർ) എന്നിവർ സഹായികളായി പങ്കെടുത്തു.

ഷൗക്കത്തലി, ഒ കെ,  ചെർപ്പുളശ്ശേരി

*നാസർ തൂത +91 97473 38823*

Spread the News

Leave a Comment