കൊച്ചി. തൊണ്ടിമുതൽ തിരുമറിക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനാൽ മാതൃക നടപടിയെന്ന നിലയിൽ ആൻ്റണി രാജുവിന്റെ നിയമസഭാ അംഗത്വം ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നിയമസഭാ സ്പീക്കർക്ക് നല്കിയത്.

നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് ആൻ്റണി രാജു കുറ്റക്കാരാനായി കണ്ടെത്തിയത്. പരമാവധി ശിക്ഷ തിരുവനന്തപുരം സിജെഎം കോടതിയിൽ നിന്നുമാണ് ഉണ്ടാകുവാൻ പോകുന്നത്. ജീവപര്യന്തം ശിക്ഷാവിധിയ്ക്ക് യോഗ്യമായ കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
ആൻ്റണി രാജു മുൻ മന്ത്രി കൂടിയാണ്. 32 വർഷങ്ങൾക്കുശേഷമാണ് കേസിൽ കോടതി വിധി ഉണ്ടായിരിക്കുന്നത്. കേസിൽ രണ്ടാം പ്രതി ആൻ്റണി രാജുവും ഒന്നാം പ്രതി കെ.എസ് ജോസും കുറ്റക്കാരാണ്.
1990 ഏപ്രിൽ 4 ന് അടി വസ്ത്രത്തിൽ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരി മരുന്നുമായി ഓസ്ട്രേലിയൻ പൗരൻ ആൻഡ്രുസാൽ വദോറിനെ രക്ഷിക്കുവാൻ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. ഗുഡാലോചനയും തെളിവ് നശിപ്പിക്കലും ഉൾപ്പെടെ ആറുവകുപ്പുകളിൽ പ്രതികൾ കുറ്റക്കാരാണ്. ഇതിൽ ഐപിസി 409, 34 എന്നീ വകുപ്പുകളാണ് പ്രധാനമായിട്ടുള്ളത്. 10 വർഷം മുതൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ് തെളിഞ്ഞത്. ഐപിസി 120ബി 201 തുടങ്ങിയ വകുപ്പുകൾ നിലനില്ക്കുന്നതുമാണ്. ഇപ്പോൾ പ്രതികളെ കുറ്റക്കാരായി പ്രഖ്യാപിച്ച കോടതിയ്ക്ക് പരമാവധി ശിക്ഷ നല്കുവാൻ അധികാരപരിധി ഇല്ലാത്തതിനാലാണ് ശിക്ഷാവിധി പുറപ്പെടുവിക്കുവാൻ സിജെഎം കോടതിയിലേയ്ക്ക് മാറ്റിയത്. അഭിഭാഷകനും പൊതു പ്രവർത്തകനും യോജിക്കാത്ത നടപടിയാണ് ആൻ്റണി രാജുവിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നും കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ മാതൃക നടപടിയെന്ന നിലയിൽ ആൻ്റണി രാജുവിൻ്റെ നിയമസഭാ അംഗത്വം ഉടൻ സസ്പെൻഡ് ചെയ്യണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെടുന്നത്.