തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു; എല്ലാ തലങ്ങളിലും പുതിയ ഭരണസമിതികള്‍ സ്ഥാനമേറ്റു.തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണങ്ങളും വാദപ്രതിവാദങ്ങളും എല്ലാവരും നടത്തി. ആ ഘട്ടം പിന്നിട്ട് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ സ്ഥാനമേറ്റതോടെ അവര്‍ക്ക് മുന്നില്‍ പുതിയ ഉത്തരവാദിത്തങ്ങളാണുള്ളത്.
ഇന്ന് കാണുന്ന ത്രിതല പഞ്ചായത്ത്, നഗര ഭരണ സംവിധാനം രൂപപ്പെടുന്നതിന് പിന്നില്‍ കേരളത്തിന്‍റേതായ സവിശേഷ ചരിത്രമുണ്ട്.
ഭരണം കേവലം സെക്രട്ടറിയേറ്റില്‍ കേന്ദ്രീകരിക്കുന്നതിന് പകരം താഴേത്തട്ടിലേക്ക് എത്തിക്കണമെന്ന് ആദ്യം ശുപാര്‍ശ ചെയ്തത് 1957ല്‍ രൂപീകരിക്കപ്പെട്ട ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമ്മിറ്റിയാണ്. ഗ്രാമതലത്തില്‍ ഭരണനിര്‍വഹണത്തിനുള്ള അടിസ്ഥാന യൂണിറ്റായി പഞ്ചായത്തുകള്‍ മാറുക; തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികള്‍ക്ക് കൂടുതല്‍ സ്വയം ഭരണാധികാരം നല്‍കുക എന്നീ ശുപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവച്ചു.
1967ലെ ഇഎംഎസ് മന്ത്രിസഭ ദ്വിതല സമ്പ്രദായത്തോടുകൂടിയുള്ള പഞ്ചായത്ത് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 1987 ലെ നായനാര്‍ സർക്കാരിൻ്റെ കാലത്താണ് ജില്ലാ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തിയത്.
ത്രിതല പഞ്ചായത്ത് സംവിധാനവും ഇന്നത്തെ നിലയിലുള്ള മുനിസിപ്പല്‍ സംവിധാനവും 73,74 ഭരണഘടനാ ഭേദഗതിക്ക് ശേഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ മുഖേനയാണ് നിലവില്‍ വന്നത്. 1995 ഒക്ടോബര്‍ 2 ന് അത് പ്രകാരം ജനപ്രതിനിധികള്‍ സ്ഥാനമേറ്റെടുക്കുകയും ചെയ്തു. അവിടെയും കേവലമായ പരിഷ്കരണമല്ല നമ്മുടെ സംസ്ഥാനം ലക്ഷ്യമിട്ടത്.
വിപ്ലകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലയില്‍ എത്തിക്കുക എന്നത് പ്രധാനമായിരുന്നു. സാമ്പത്തികമായും സ്ഥാപന ശേഷികൊണ്ടും സ്വയംഭരണ അധികാരം നല്‍കിയും ശാക്തീകരിച്ചുകൊണ്ടുള്ള ഒരു മാതൃകയാണ് നാം തേടിയത്. അതിന് പറ്റുന്ന ജനകീയാസൂത്രണ പ്രസ്ഥാനം 1996 ആഗസ്ത് 17 ന് നിലവില്‍ വന്നു. തുടര്‍ന്ന് സെന്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പൗരാവകാശ രേഖ, അറിയാനുള്ള അവകാശം തുടങ്ങിയവ ഉള്‍പ്പെടുത്തി സമഗ്രമായ നിയമ ഭേദഗതി 1999 ല്‍ കൊണ്ടുവന്നു. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ സ്വയംഭരണ സംവിധാനങ്ങളായി മാറി.
ഏറ്റവും അവസാനം 2022 ഫെബ്രുവരി 19 ന് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവില്‍ വന്നു. പഞ്ചായത്ത്, ഗ്രാമ വികസനം, നഗരകാര്യം, എഞ്ചിനിയറിംഗ് വിഭാഗം, നഗരഗ്രാമാസൂത്രണം എന്നിങ്ങനെ വിവിധങ്ങളായിരുന്ന വകുപ്പുകളെ ഒറ്റ വകുപ്പാക്കി മാറ്റി. അങ്ങനെ പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമായും ഫലപ്രദമായും നടപ്പിലാക്കുന്നതിനുള്ള ഏകീകൃത പ്ലാറ്റ് ഫോം നിലവില്‍ വന്നു.
1995 ല്‍ സ്ഥാനമേറ്റെടുത്ത ജനപ്രതിനിധികള്‍ ജനകീയാസൂത്രണത്തിന്‍റെ പിന്‍ബലത്തോടെ പുതിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കി. അന്ന് ലഭ്യമല്ലാതിരുന്ന ഒട്ടേറെ സൗകര്യങ്ങള്‍ ഇന്നത്തെ ജനപ്രതിനിധികള്‍ക്ക് ലഭ്യമാണ്. ഓരോ വര്‍ഷവും പദ്ധതി വിഹിതം വര്‍ധിപ്പിച്ച് നല്‍കുന്നു. സേവനം വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യ നാം ഫലപ്രദമായി ഉപയോഗിക്കുന്നു.
ശാസ്ത്രീയമായ സര്‍വ്വേയിലൂടെ കണ്ടെത്തിയ അതിദരിദ്രരെ ഓരോ ആവശ്യങ്ങളും നിര്‍ണയിച്ച് മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി അതി ദാരിദ്ര്യ നിര്‍മ്മാര്‍ജനം സമയബന്ധിതമായി സാധ്യമാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ പുതിയ ഭരണ സമിതികളുടെ ചുമതല കൂടുതല്‍ വിപുലമാണ്.
അതിദാരിദ്ര്യ മുക്തരായവര്‍ തിരികെ അതിദാരിദ്ര്യത്തിലേക്ക് പോകരുത്. പലകാരണങ്ങളാല്‍ അതിദാരിദ്ര്യത്തിലേക്ക് വഴുതിവീഴുന്ന ആള്‍ക്കാരെ അതില്‍ നിന്നും മുക്തരാക്കണം. ഈ പ്രക്രിയ നിരന്തരം സൂക്ഷ്മതയോടെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. അതിനായുള്ള ഇ.പി.ഇ.പി 2.0 പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യകരമായ മത്സരബുദ്ധിയോടെ ഏറ്റെടുക്കേണ്ടതുണ്ട്.
മാലിന്യ മുക്തം നവകേരളം പദ്ധതിയിലൂടെ സമ്പൂര്‍ണമാലിന്യ മുക്ത സംസ്ഥാനം എന്ന നിലയിലേക്ക് സമീപനത്തിലും പശ്ചാത്തല സൗകര്യങ്ങളിലും നാം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. പ്രാദേശിക സര്‍ക്കാരുകളുടെ അനിവാര്യ ചുമതല കൂടിയാണ് ഈ മേഖല. ഇതിലെ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ മുന്നോട്ട് പോകുന്നതിനും നിതാന്ത പരിശ്രമം ആവശ്യമാണ്. ഭാവി ഉറപ്പുള്ളതാക്കാന്‍ നാട് മാലിന്യ മുക്തമാകേണ്ടതുണ്ട്. ആ ചുമതല എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൂർണമായും ഏറ്റെടുക്കണം.
ലൈഫ് ഭവന പദ്ധതിയിലൂടെ പൂര്‍ത്തിയായ 5 ലക്ഷം വീടുകള്‍ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകും. ‘ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വളണ്ടിയര്‍മാരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സാര്‍വ്വത്രികമായ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്നതിന് കേരള കെയര്‍ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ആ രംഗത്തും സമര്‍പ്പണ ബോധത്തോടെ ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇടപെടണം.
പാര്‍ലമെന്‍റില്‍ നിന്നും നിയമസഭയില്‍ നിന്നും വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത് ഭരണ സമിതികളാണ്. ഭരണ പക്ഷവും പ്രതിപക്ഷവുമില്ല. ഓരോ അംഗവും വിവിധ വിഷയങ്ങളില്‍ ഭരണ നിര്‍വ്വഹണം നടത്തുന്ന ഏതെങ്കിലുമൊരു സ്റ്റാന്‍റിംഗ് കമ്മിറ്റിയില്‍ അംഗമാണ്. എല്ലാ തീരുമാനങ്ങളുമെടുക്കുന്നതും നിര്‍വ്വഹണം നടത്തുന്നതും ഭരണ സമിതികളാണ്. അതിനാല്‍ സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും വിശാല താല്‍പ്പര്യം മുന്‍നിര്‍ത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്‍റെ വികസനത്തിനും ക്ഷേമത്തിനുമായി എല്ലാ ജനപ്രതിനിധികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അതിന് തയ്യാറാകണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ പുതുവര്‍ഷം ഒരു മഹാദുരന്തമുഖത്തു നിന്നും നാം കരകയറി വരുന്ന സമയമായിരുന്നു. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്‍റെ നടുക്കത്തിലാണ് 2025 ലേക്ക് നമ്മള്‍ കടന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേര്‍ന്നു നിന്നത്. 2026ലേക്ക് കടക്കുന്നത് മറ്റൊരനുഭവവുമായാണ്. ആ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ഇന്ന് ഓരോ മലയാളിയും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍. 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
11.4 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക്, ഫുട്ബാള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ്, അംഗന്‍വാടി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള്‍, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയല്‍, ഓരോ വീട്ടിലും സൗരോര്‍ജ പ്ളാന്‍റ് തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്ഷിപ്പിലുണ്ടാകും.
207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോണ്‍ക്രീറ്റ് ഭിത്തി, തേപ്പ്, ടൈല്‍ പാകല്‍,പെയിന്‍റിംഗ് എന്നീ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റര്‍ നീളത്തില്‍ റോഡിന്‍റെ പ്രാരംഭ പണി പൂര്‍ത്തിയായി. കുടിവെള്ള ടാങ്കിന്‍റെ റാഫ്റ്റ് വാര്‍ക്കല്‍ കഴിഞ്ഞു.
ആയിരത്തിയറുന്നൂറോളം ജീവനക്കാര്‍ രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുകയാണ്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നല്‍കുന്നത്.
20 വര്‍ഷത്തോളം വാറന്‍റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. സിമന്‍റ്, മണല്‍, മെറ്റല്‍, കമ്പി മുതലായവ നിര്‍മ്മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ നിര്‍മ്മാണങ്ങള്‍ക്കും 5 വര്‍ഷത്തേയ്ക്ക് കേടുപാടുകളില്‍ നിന്നും കരാറുകാര്‍ സംരക്ഷണം നല്‍കും. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.
‘ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2026ല്‍ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ഭവനമില്ലായ്മയെ മറിച്ചു കടക്കലാണ് എന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തില്‍ അഞ്ചില്‍ ഒരാള്‍ പാര്‍പ്പിടമില്ലാതെ കഷ്ടപ്പെടുകയാണ്. ലോകത്ത് മതിയായ പാര്‍പ്പിട സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ ഏകദേശം 160 കോടിയോളം വരുമെന്നാണ് കണക്ക്.
ഒരു തുണ്ട് ഭൂമി ഇല്ലാത്തവരെ മുതല്‍ സ്വന്തം ഭൂമിയില്‍ തുടങ്ങി വെച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ വരെ ഉള്‍പ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്നത്തെ അതിന്‍റെ സമഗ്രതയില്‍ അഭിസംബോധന ചെയ്യുകയാണ് ലൈഫ് പദ്ധതിയിലൂടെ നാം ചെയ്തത്.
രാജ്യത്തെ പല ഭവനപദ്ധതികളും നാമമാത്രമായ തുക മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നത്. ആവാസയോഗ്യമായ വീടുകള്‍ പണിയണമെങ്കില്‍ പണം മറ്റു വഴികളിലൂടെ കണ്ടെത്തേണ്ട സ്ഥിതി. ലൈഫ് മിഷന് കീഴില്‍ വീട് നിര്‍മ്മിക്കാന്‍ പര്യാപ്തമായ തുക യാഥാര്‍ഥ്യബോധത്തോടെ കണക്കാക്കി അത് കൈമാറുകയാണ് ചെയ്തത്. ഭവന നിര്‍മ്മാണത്തിന് നാല് ലക്ഷം രൂപ നല്‍കുന്നുവെന്ന് മാത്രമല്ല, നിര്‍മ്മാണസാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൊഴിലാളികളെ ലഭ്യമാക്കിയുമെല്ലാം ഭവനനിര്‍മ്മാണത്തെ പിന്നെയും സഹായിക്കുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവര്‍ക്കാണ് ആദ്യം വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍, അഗതികള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്തവര്‍, വിധവകള്‍ ഇവര്‍ക്കൊക്കെയായിരുന്നു മുന്‍ഗണന.
4,76,076 വീടുകള്‍ ലൈഫ് വഴി പണി പൂര്‍ത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്.
ഈ ഫെബ്രുവരിയില്‍ ഇത് അഞ്ചു ലക്ഷം പൂര്‍ത്തിയാക്കും. 1,24,471 വീടുകളാണ് നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളത്.
ജനങ്ങള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് വരുത്തലാണോ അതല്ല, എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങി സ്വകാര്യ മൂലധനത്തിന് വഴിമാറലാണോ ഒരു സര്‍ക്കാരിന്‍റെ കടമ എന്നത് ലോകത്താകെ പ്രസക്തമായ മൗലികമായ ഒരു രാഷ്ട്രീയ ചോദ്യമാണ്.
ആ ചോദ്യത്തെ എല്‍ഡിഎഫ് അഭിസംബോധന ചെയ്തത് ലൈഫ് മിഷന്‍ പോലുള്ള സമഗ്രമായ ജനകീയ പദ്ധതികള്‍ വഴിയാണ്.
*നവ കേരള പഠന പരിപാടി*
ഇന്ന് പറയാനുള്ള ഒരു പ്രധാന കാര്യം സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം സംബന്ധിച്ചാണ്.
ഭാവി തലമുറയുടെ ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി നിലനിര്‍ത്താതെ, ലോകത്തിന് ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന ഉത്പാദന കേന്ദ്രമായി മാറ്റാന്‍ നാം മുന്നിട്ടിറങ്ങുകയാണ്. വികസനത്തിന്‍റെ ഗുണഫലങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും തുല്യമായി എത്തുന്നു എന്ന് ഉറപ്പുവരുത്താനാവണം.
നമ്മുടെ നാടിന്‍റെ മുന്നേറ്റത്തിന് ഓരോരുത്തരുടെയും അഭിപ്രായം പ്രധാനമാണ്. സ്വന്തം ജീവിത പരിസരത്തിനും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഭാവി പരിപാടിയും അത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഓരോരുത്തരുടെയും മനസ്സില്‍ ഉണ്ടാകും. അവയാകെ കേള്‍ക്കുകയും ക്രോഡീകരിക്കുകയും അതിനുസൃതമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. വളരെ പ്രധാനമാണ്.
ഭാവിവികസനത്തിനുള്ള നിര്‍ദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പദ്ധതി ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തിന്‍റെയും വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി അവിടങ്ങളില്‍ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍, പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തില്‍ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകമാകും. നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന ഈ പദ്ധതിയോട് എല്ലാവരും പൂർണമനസ്സോടെ സഹകരിക്കണം എന്നാണ് പറയാനുള്ളത്.