anugrahavision.com

ദയവു ചെയ്തു സുനിൽ സ്വാമിയെ വിവാദങ്ങളിൽ നിന്നും ഒഴിവാക്കുക

ചെർപ്പുളശ്ശേരി. നടൻ ശ്രീനി വാസന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നതാണ് ഈ വാർത്തയ്ക്ക് അടിസ്ഥാനം. ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകളിൽ പാലക്കാട് സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിലെ സുനിൽദാസ് മുഖ്യകാർമികത്വം വഹിച്ചിരുന്നു
പ്രത്യേകിച്ച് വലിയ ആളുകൾ മരണമടയുമ്പോൾ അവിടെയെല്ലാം സുനിൽ ദാസ് സ്വയമേവ എത്തുകയും ആ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുകയും അങ്ങിനെ തന്റെ പ്രസിദ്ധി വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രവണത അദ്ദേഹത്തിൽ പലതവണയായി കണ്ടുവരുന്നുണ്ട്. നടൻ ശ്രീനിവാസന്റെ വീട്ടിലും ഇദ്ദേഹം ഇത്തരത്തിൽ മരണാനന്തര ചടങ്ങുകൾ നടത്താൻ കുടുംബം ആവശ്യപ്പെടാതെ തന്നെ എത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ആ ചിത്രത്തിന് താഴെ ഫേസ്ബുക്ക് വഴി ഒരാൾ ഇത് ശബരിമലയിൽ കാണുന്ന സുനിൽ സ്വാമിയാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ഒരു പോസ്റ്റ് ഇടുകയുണ്ടായി. അതിന്റെ താഴെ വരുന്ന കമന്റുകളിൽ സുനിൽ സ്വാമിയെ അറിയാത്തവർ ആവശ്യമില്ലാത്ത കമന്റുകൾ ഇട്ടതായി എന്റെ ശ്രദ്ധയിൽ പെടുകയും ഞാൻ അതിനെ അറിയുന്ന വിധത്തിൽ തിരുത്തുകയും ചെയ്തു
എന്നാൽ ആ കമന്റിനു ശേഷവും മറ്റു ചിലർ ദുരുദ്ദേശപരമായി കമന്റുകൾ ഇട്ട് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വാർത്ത നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.
*ആരാണ് സുനിൽ സ്വാമി*
ചെർപ്പുളശ്ശേരി പുത്തൻവീട്ടിൽ സുനിൽ സ്വാമി സുനിൽകുമാർ എന്ന ഒരു സാധാരണ വള്ളുവനാട്ടുകാരനാണ്. എസ് കെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ശശികുമാർ സുനിൽകുമാർ ശ്രീകുമാർ ശോഭന കുമാരി എന്നീ നാൽവർ അടങ്ങുന്ന സഹോദരങ്ങൾ വർഷങ്ങളായി ചെന്നൈ കൊല്ലം കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ അവരുടെ വ്യവസായ ശൃംഖല പ്രവർത്തിപ്പിച്ച് കൃത്യമായ കണക്കുകൾ സർക്കാരിൽ അവതരിപ്പിച്ചുകൊണ്ട് തന്നെ മികച്ച രീതിയിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തിവരുന്നു. കയറ്റുമതി അടക്കമുള്ള കാര്യങ്ങളിലും പി& ജിയുടെ കേരളത്തിലെ സൂപ്പർ സ്റ്റോക്കിസ്റ്റ് എന്ന പദവിയിലും എത്തിനിൽക്കുന്ന ശബരി ഗ്രൂപ്പ് എന്ന സ്ഥാപനം കോടികളുടെ ബിസിനസ് ആണ് ദക്ഷിണേന്ത്യയിൽ ചെയ്തുവരുന്നത്.
ഈ സഹോദരങ്ങളിൽ രണ്ടാമനായ സുനിൽകുമാർ 33 വർഷം മുമ്പ് ശബരിമലയിൽ തൊഴാൻ എത്തുകയും അയ്യപ്പനോടുള്ള അമിതഭക്തിയാൽ ശബരിമലയിൽ നടതുറക്കുമ്പോഴെല്ലാം അവിടെ ദർശനം നടത്തുന്നതിന് വേണ്ടി അദ്ദേഹം താമസമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ മിക്ക മഹാക്ഷേത്രങ്ങളിലും ഇദ്ദേഹം തൊഴാൻ എത്താറുണ്ട്. സ്വന്തം വ്യവസായം കൊണ്ട് കിട്ടുന്ന പണത്തിന്റെ നല്ലൊരു ശതമാനം ക്ഷേത്രങ്ങൾക്കായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്ന ശീലം ഈ ഗ്രൂപ്പിൽ ഉണ്ട് എന്നത് ഇവരുടെ മാത്രം പ്രത്യേകതയാണ്. എന്നാൽ ഇവർ ചെയ്യുന്ന കാര്യങ്ങൾ ഒന്നും തന്നെ കൊട്ടിഘോഷിക്കാനോ പബ്ലിസിറ്റി ആക്കാനോ തീരെ താല്പര്യപ്പെടാറില്ല എന്നതാണ് സത്യം. ഇങ്ങനെ കോടികൾ കേരളത്തിലെ മിക്ക ക്ഷേത്രങ്ങൾക്കും പലപ്പോഴായി ഇവർ ചെലവഴിച്ചിട്ടുണ്ട്. സുനിൽ സ്വാമി ശബരിമലയിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തുപോരുന്ന ആളാണ്. എന്നാൽ ഈയിടെയായി ഹൈക്കോടതിയുടെ ഇടപെടൽ കാരണം ഇദ്ദേഹത്തിന് ശബരിമലയിൽ സ്ഥിരതാമസത്തിന് അനുവാദമില്ലാത്ത അവസ്ഥയാണ്. ആവശ്യമില്ലാത്ത വിവാദങ്ങളിൽ ഇദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുകയും ഒരു തെറ്റും ചെയ്യാത്ത തികച്ചും അയ്യപ്പഭക്തനായ സുനിൽ സ്വാമിയെ പല ഘട്ടങ്ങളിലും പല കോണുകളിൽ നിന്നും ക്രൂശിക്കുകയും ചെയ്യുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇതിനൊന്നും തന്നെ മറുപടി പറയാനോ തന്റെ ശരികളെ ശരിയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനോ സുനിൽ സ്വാമിക്ക് താല്പര്യമില്ല എന്നതാണ് വസ്തുത.
ഇത്തരത്തിൽ ഇദ്ദേഹത്തിനെതിരെ വരുന്ന ആവശ്യമില്ലാത്ത കമന്റുകളും മറ്റു സോഷ്യൽ മീഡിയ പോസ്റ്റുകളും ഇടുന്നവർ സത്യാവസ്ഥ അന്വേഷിക്കണമെന്നും അദ്ദേഹത്തിനും ഒരു കുടുംബവും മറ്റു പശ്ചാത്തലങ്ങളും ഉണ്ടെന്നുള്ളതും, ആയിരങ്ങളുടെ അന്നദാതാവാണ് എന്നുള്ളതും തിരിച്ചറിയണമെന്നും അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് കഴിഞ്ഞ 30 വർഷത്തിലധികമായി സത്യസന്ധമായും നട്ടെല്ല് വളക്കാതെയും മാധ്യമപ്രവർത്തനം ചെയ്യുന്ന എനിക്ക് ഇത് നിങ്ങളുടെ മുൻപിലേക്ക് എത്തിക്കണമെന്ന് ആഗ്രഹം ഉണ്ടായത്. മാത്രമല്ല ചെറുപ്പകാലം തൊട്ടുതന്നെ ഈ സുനിൽ സ്വാമിയെയും അദ്ദേഹത്തിന്റെ വീട്ടുകാരെയും കൃത്യമായി അറിയുന്ന ഒരു ആളെന്ന നിലയിൽ മാത്രമാണ് ഇക്കാര്യങ്ങൾ സത്യസന്ധമായി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നത്. ശബരിമലയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ എല്ലാം തന്നെ അവിടുത്തെ കോടിക്കണക്കിന് അയ്യപ്പഭക്തരുടെ കൺകണ്ട ദൈവമായ സാക്ഷാൽ അയ്യപ്പൻ കൃത്യമായി പുറത്തുകൊണ്ടുവരികയും അദ്ദേഹത്തിന്റെ എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയ്യപ്പൻ തന്നെ തിരിച്ചെത്തിക്കുകയും ചെയ്യും എന്നത് കലിയുഗവരദനായ അയ്യപ്പസ്വാമിയെ അടുത്തറിയുന്ന ഒരാളെന്ന നിലയിൽ എനിക്ക് ബോധ്യമുള്ളതുമാണ്. അതുകൊണ്ട് ഇനിയെങ്കിലും ആവശ്യമില്ലാത്ത വിവാദങ്ങളിൽ ഒരു സാധുവിനെ പോലും നോവിക്കരുത് എന്ന ഒരു അപേക്ഷ ഈ വാർത്ത കുറിപ്പിലൂടെ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.
ഡോക്ടർ മുരളി മോഹൻ
9605350001

Spread the News

Leave a Comment