തൊടുപുഴ സ്വദേശിയും ഗര്ഭിണിയുമായിരുന്ന ഷൈമോളുടെ കരണത്തടിച്ച വീഡിയോ പുറത്ത് വന്നിട്ടും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ പ്രതാപ ചന്ദ്രന് എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാത്ത നിലവിലത്തെ സ്റ്റേഷൻ എസ് എച്ച് ഒ ജിജിൻ ജോസഫിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് കൈമാറി. വകുപ്പ് തല നടപടിയ്ക്ക് വിധേയമാക്കി പ്രതാപചന്ദ്രനെ ആഭ്യന്തര വകുപ്പ് സസ്‌പെൻഡ് ചെയ്തു. എന്നാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുക എന്ന നിയമപരമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മുൻ സർക്കിൾ ഇൻസ്‌പെക്ടറെ നിലവിലത്തെ സ്റ്റേഷൻ എസ് എച്ച് ഒ കേസ് എടുക്കാതെ സംരക്ഷിക്കുന്നത് ഗുരുതര കൃത്യവിലോപത്തിന്റെ ഭാഗമാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ നിഷ്‌പക്ഷ പോലീസ് നടപടിക്രമങ്ങളിൽ പൊതു സമൂഹത്തിന് സംശയം ഉണ്ടാകുന്നതാണെന്നും മുഖം നോക്കാതെ നടപടിയെന്ന സർക്കാർ നയം പോലീസ് ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് അഭിപ്രായപ്പെട്ടു.