അങ്ങാടിപ്പുറം : വ്യക്തികൾ തമ്മിലുള്ള സൗഹൃദങ്ങൾക്ക് സമ്മാനമായി നൽകാനുള്ളതല്ല സമ്മതിദാനമെന്നും രാജ്യത്തെ സമകാലിക സംഭവവികാസങ്ങളോടുള്ള പൗരൻ്റെ പ്രതികരണമാണ് വോട്ട് എന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂർ ചേങ്ങോട് കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം –
സംസ്ഥാനത്ത് നടക്കുന്ന ഭരണപരമായ വീഴ്ചകൾ ,ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ, വിശ്വാസികളെ വ്രണപ്പെടുത്തിയ ശബരിമലയിലെ സംഭവവികാസങ്ങൾ, ദുസ്സഹവും ദുരിത പൂർണ്ണവുമായ സാധാരണക്കാരൻ്റെ ജീവിത സാഹചര്യം,കേന്ദ്രസർക്കാറിന്റെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിലുള്ള പൗരത്വ നിഷേധ നീക്കങ്ങൾ, പ്രാദേശിക സർക്കാറുകളായ തദ്ദേശഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സംസ്ഥാന സർക്കാർ സമീപനങ്ങൾ തുടങ്ങിയവയെല്ലാം വിലയിരുത്തി കൊണ്ടുള്ള പൗരന്മാരുടെ യഥാർത്ഥ പ്രതികരണമാണ് വോട്ടിലൂടെ പ്രതിഫലിക്കേണ്ടതെന്ന് തങ്ങൾ ഓർമിപ്പിച്ചു.
ഒരു വോട്ടിലെ നോട്ടപ്പിശക് അഞ്ചാണ്ടിൻ്റെ നഷ്ടമാണ് വരുത്തി വെക്കുക. അതൊരിക്കലും സംഭവിക്കാതിരിക്കുന്നതിനുള്ള ശ്രദ്ധ അനിവാര്യമാണ്.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റോയ് അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എം എൽ എ , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മർ അറക്കൽ,മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ: നജ്മ തബ്ശീറ,കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മാത്യു വർഗീസ് എന്ന ജോണി,ഡിസിസി ജനറൽ സെക്രട്ടറി സി സുകുമാരൻ,അഡ്വ: അജിത് ,കുന്നത്തു മുഹമ്മദ്,പി രാധാകൃഷ്ണൻ മാസ്റ്റർ,സെയ്തലവി അരിപ്ര ,കെ എസ് അനീഷ് ,ഷഹർബാൻ, അമീർ പാതാരി ,സമദ് വഴിപ്പാറ, കെടി ജബ്ബാർ, ശബീർ കറുമുക്കിൽ,മൂന്നാക്കൽ സുനിൽ ബാബു ,സുഹൈൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.