കൊച്ചി. വോട്ടവകാശമുള്ള എല്ലാവരും ഈ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജില്ലയിൽ പര്യടനം നടത്തുന്ന വോട്ട് വണ്ടി കാക്കനാട് സിവിൽ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ഡിസംബർ 9 നാണ് നമ്മുടെ ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ട് എന്നത് ഭരണഘടനാപരമായ അവകാശം കൂടിയാണ്. ആ അവകാശത്തെ എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്നും കളക്ടർ ഓർമ്മിപ്പിച്ചു.
‘ലീപ് കേരള’ വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് വോട്ടു വണ്ടി പര്യടനം നടത്തുന്നത്. വോട്ടിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും മാറ്റുക, വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുക, എങ്ങനെ വോട്ട് ചെയ്യണമെന്ന് ജനങ്ങളെ പരിശീലിപ്പിക്കുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയവയാണ് വോട്ട് വണ്ടി പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബർ 5 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വോട്ട് വണ്ടി എത്തും.
ഫ്ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, ലീപ് അസിസ്റ്റന്റ് കോ ഓഡിനേറ്റർ ഏണസ്റ്റ്.സി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.