ചെർപ്പുളശ്ശേരി. നഗരസഭയുടെ 31 32 ഡിവിഷനുകളിൽ ഇത്തവണ ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി മത്സരിക്കുന്നത് ദമ്പതികളായ സുബീഷും രശ്മിയും ആണ്. നഗരസഭയായ ആദ്യ കാലഘട്ടത്തിൽ സുബീഷ് കൗൺസിലർ ആയിരുന്നു. എന്നാൽ പിന്നീട് അഞ്ചുവർഷം കഴിഞ്ഞപ്പോൾ രശ്മിയാണ് മത്സര രംഗത്ത് വന്നത്. ഇരുവർക്കും കോൺഗ്രസ് എന്നത് രക്തത്തിൽ അലിഞ്ഞു ചേർന്ന രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ജനസേവനത്തിനാണ് രണ്ടുപേരും ജീവിതം ഉഴിഞ്ഞു വയ്ക്കുന്നത് 
പന്നിയം കുർശ്ശി വെടിക്കെട്ട് ദുരന്തം നടന്നപ്പോൾ ആളുകളെ പ്രദേശത്ത് നിന്ന് മാറ്റുന്നതിലും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്ന പ്രവർത്തനങ്ങളിലും മുഴുകിയതോടെയാണ് സുബീഷ് ജനശ്രദ്ധ നേടുന്നത്. പിന്നീട് യൂത്ത് കോൺഗ്രസിലും സജീവമായി. തുടർച്ചയായി ഇടതുപക്ഷ മുന്നണി ഭരണം നടത്തിയിരുന്ന ചെർപ്പുളശ്ശേരി പഞ്ചായത്ത് നഗരസഭയാവുകയും അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സുബീഷ് മത്സരിച്ചു ജയിച്ച് കൗൺസിലർ ആവുകയും ചെയ്തു
നാടിന്റെ നാനാവിധമായ പ്രവർത്തനങ്ങളിൽ സുബീഷ് എന്നും മുൻപന്തിയിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടി. രശ്മിയും സുബീഷിനൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തിയതോടെ ഭരണരംഗത്തേക്ക് ചുവട് വച്ചു. കഴിഞ്ഞ പത്തുവർഷത്തുകൊണ്ട് നിരവധി വികസന പ്രവർത്തനങ്ങൾ പ്രദേശത്ത് ചെയ്യാനായി എന്നത് രണ്ടുപേരുടെയും മത്സരത്തിലേക്കുള്ള ചുവടുവെപ്പിന് കാരണമായി. അതുകൊണ്ടുതന്നെ തൊട്ടടുത്ത വാർഡുകളിൽ രണ്ടുപേരും മത്സരത്തിനും ഇറങ്ങി. ജയവും തോൽവിയും ജനങ്ങൾ നിശ്ചയിക്കുന്നതാണെങ്കിലും തങ്ങളുടെ നാട്ടുകാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ രണ്ടു വാർഡുകളിൽ നിന്നും ഈ ദമ്പതികൾ നഗരസഭയിൽ എത്തുമെന്നും രണ്ടുപേരും ഉറപ്പിച്ചു പറയുന്നു.
ചെർപ്പുളശ്ശേരി യുടെ സമഗ്ര വികസനമാണ് തങ്ങളുടെ ലക്ഷ്യം എന്നും അതിനായി പ്രവർത്തിക്കുമെന്നും ഇവർ പറഞ്ഞു. ഇത്തവണ നഗരസഭാ ഭരണം ഐക്യ ജനാധിപത്യമുന്നണിക്ക് അനുകൂലമാണെന്നും ഭരണം വരുന്നതോടെ ഒട്ടേറെ മാറ്റങ്ങൾ ചെർപ്പുളശ്ശേരിക്ക് സ്വന്തമാക്കാൻ കഴിയും എന്നും ഇരുവരും പ്രതീക്ഷിക്കുന്നുണ്ട്. അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും അതോടെ സംസ്ഥാന സർക്കാറിന്റെ ഫണ്ടുകൾ അടക്കം ഇവിടെ ചെലവഴിക്കാൻ കഴിയും എന്നും അതുകൊണ്ടുതന്നെ ചെർപ്പുളശ്ശേരി നഗരസഭയിൽ ഐക്യ ജനാധിപത്യ മുന്നണി ഇറക്കിയ വികസന പ്രവർത്തനങ്ങളുടെ രേഖകൾ പ്രാവർത്തികമാക്കാൻ ആകുമെന്നും സുബീഷും, രശ്മിയും വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷം തങ്ങൾക്ക് നൽകിയ നിസ്സീമമായ പിന്തുണ ഇത്തവണയും തുടരുമെന്നും ജനങ്ങളാണ് തങ്ങളുടെ വിജയം എന്നും ഇരുവരും പറഞ്ഞു.