anugrahavision.com

തദ്ദേശ തിരഞ്ഞെടുപ്പ്: മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു*

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള 2025-ലെ പൊതുതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താമാധ്യമങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമായി നിര്‍വ്വഹിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

1) ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ ആ നിയോജകമണ്ഡലങ്ങളില്‍ ഏതെങ്കിലും പൊതുയോഗം വിളിച്ചു കൂട്ടുകയോ നടത്തുകയോ അല്ലെങ്കില്‍ അതില്‍ സന്നിഹിതനാകുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന് കേരള പഞ്ചായത്ത് രാജ് ആക്ടിലെ 122-ാം വകുപ്പിലും, കേരള മുനിസിപ്പാലിറ്റി ആക്ടിലെ 146-ാം വകുപ്പിലും അനുശാസിച്ചിട്ടുണ്ട്.

2) വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തരുതെന്ന് 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണപൊതുതിരഞ്ഞെടുപ്പിനും ഇത് ബാധകം.

3) ഒരു പ്രത്യേക രാഷ്ട്രീയകക്ഷിക്കോ, സ്ഥാനാര്‍ത്ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്‌സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം മറ്റുള്ളവരെ അറിയിക്കുന്നതും തടഞ്ഞുകൊണ്ടുള്ള 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 126 (എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും ബാധകമാണ്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതെ ശ്രദ്ധിക്കണം.

4) തിരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളും, അക്കാര്യം ഉറപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കേണ്ടതാണ്. പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്കായി Indian Broadcasting Foundation എന്ന സ്ഥാപനത്തില്‍ അംഗങ്ങളായ ടി.വി ചാനലുകള്‍ക്ക് വേണ്ടി രൂപീകൃതമായിട്ടുള്ള Broadcasting Content Complaint Council നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

5) പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങള്‍ക്കായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനും ബാധകമാണ്.

6) തിരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് എന്‍.ബി.എസ്.എ (News Broadcasting Standard Authority) നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം.

7) വോട്ടെടുപ്പ് ദിവസം മാധ്യമപ്രവര്‍ത്തകര്‍ പോളിംഗ് സ്റ്റേഷന് ഉള്ളില്‍ പ്രവേശിക്കാനോ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി പോളിംഗ് സ്റ്റേഷനില്‍ എത്തുന്ന സമ്മതിദായകര്‍ക്കോ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കോ ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള ചിത്രീകരണങ്ങളും, ഇന്റര്‍വ്യൂകളും സംഘടിപ്പിക്കാനോ പാടില്ല.

8) സമ്മതിദായകാവകാശം അതീവരഹസ്യസ്വഭാവത്തോടെ ഉള്ളതായതിനാല്‍ അത് വിനിയോഗിക്കുന്ന സമയം അതിന്റെ രഹസ്യാത്മകതയെ ഹനിക്കുന്ന തരത്തില്‍ സമ്മതിദായകന്റെ ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ പാടില്ല.

9) വോട്ടെടുപ്പ് ദിവസം പഞ്ചായത്തിലെ പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ (മുനിസിപ്പാലിറ്റിയുടെ കാര്യത്തില്‍ 100 മീറ്റര്‍) ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പരിധിക്കുള്ളില്‍ സ്ഥാനാര്‍ഥികളോടും മറ്റു വോട്ടര്‍മാരോടുമുള്ള അഭിപ്രായം തേടല്‍, ഇന്റര്‍വ്യൂ രാഷ്ട്രീയ ചര്‍ച്ചകള്‍, എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല.

10) പോളിംഗ് സ്റ്റേഷന് സമീപം കൂട്ടം കൂടി ആളുകള്‍ നില്‍ക്കാനിടവരുന്ന തരത്തിലുള്ള യാതൊരുവിധ പരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ല

11) വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ പ്രവേശനാനുമതിയില്ല. വോട്ടെണ്ണലിന്റെ ദൃശ്യം പകര്‍ത്താനോ വോട്ടെണ്ണല്‍ കേന്ദ്രത്തിനു സമീപം സ്ഥാനാര്‍ഥികളുടെ ഇന്റര്‍വ്യൂ നടത്താനോ വോട്ടെണ്ണലിനു തടസ്സം ഉണ്ടാകുന്ന തരത്തില്‍ കൂട്ടം കൂടി നില്‍ക്കാനോ പാടില്ല.

12) മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അതോറിറ്റി ലെറ്റര്‍ (മീഡിയ പാസ്) ലഭിക്കുന്നവര്‍ ഡ്യൂട്ടിയിലുള്ള റിട്ടേണിങ് ഓഫീസര്‍മാരുടെയും അസി. റിട്ടേണിങ് ഓഫീസര്‍മാരുടെയും പ്രിസൈഡിങ് ഓഫീസര്‍മാരുടെയും പോളിങ് ഓഫീസര്‍മാരുടെയും മജിസ്‌ട്രേറ്റുമാരുടെയും പോലീസ് ഓഫീസര്‍മാരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണം.

13) അതോറിറ്റി ലെറ്റര്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല; അതില്‍ പേരു ചേര്‍ത്തിട്ടുള്ള മാധ്യമപ്രവര്‍ത്തകന്‍ മാത്രമേ ഉപയോഗിക്കാവൂ. മാധ്യമകവറേജിനായി അധികാരപ്പെടുത്തപ്പെട്ട ആള്‍ തന്നെയാണ് അതോറിറ്റി ലെറ്ററുമായി വന്നിട്ടുള്ളതെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്കു ബോധ്യപ്പെടേണ്ടതുണ്ട്. മറ്റൊരാള്‍ ഈ അതോറിറ്റി ലെറ്റര്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്. തെറ്റായി ഉപയോഗിച്ചാല്‍ നിയമനടപടിക്കു വിധേയനാകും.

14) മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അതോറിറ്റി ലെറ്റര്‍ ലഭിക്കുന്നവര്‍ തങ്ങളുടെ സ്ഥാപനം നല്‍കിയ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം.

Spread the News

Leave a Comment