ശബരിമല. മണ്ഡല കാലം ആരംഭിച്ച രണ്ട് ദിവസം പിന്നിടുമ്പോഴും ഭക്തജന തിരക്കിന് ഒരു അയവുമില്ല. പത്തും പതിനഞ്ചും മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് പലരും ദർശനം സാധ്യമാക്കുന്നത്. മരക്കൂട്ടം മുതൽ സന്നിധാനം വരെ വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇവിടെ കുടിവെള്ള വിതരണം അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങൾ എന്നിവ നിർവഹിക്കാൻ പോലും സാധ്യമല്ലാതെ ഗതികേടിൽ ആവുകയാണ് അയ്യപ്പന്മാർ. കേന്ദ്രസേനയുടെ അഭാവം വലുതായിട്ടുണ്ടെന്ന് നിരവധി പേർ പറയുന്നു. സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്രസേനയെ അയച്ചു കൊടുത്തിട്ടില്ലെന്നും പരാതിയുണ്ട്. പമ്പ മുതൽ സന്നിധാനം വരെ നിരവധിയായ ആളുകളാണ് മല കയറിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കോഴിക്കോട് സ്വദേശിനി വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. സതി എന്ന മാളികപ്പുറമാണ് കുഴഞ്ഞുവീണു മരിച്ചത്. ക്യൂവിൽ പല ഭാഗത്തും കുടിവെള്ളം കിട്ടുന്നില്ല എന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നാണ് അയ്യപ്പഭക്തർ പറയുന്നത്. എന്നാൽ വൃശ്ചികം ഒന്നു മുതൽ തന്നെ അനിയന്ത്രിതമായ ഭക്തജനപ്രവാഹമാണ് ശബരിമലയിലേക്ക് ഒഴുകുന്നത്. വേർച്വൽ ക്യൂ വഴി 70000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 30,000 പേർക്കും ഇപ്പോൾ പ്രവേശനം നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ തിരക്ക് ഇനിയും കൂടും എന്നാണ് ദേവസത്തിന്റെ കണക്കുകൂട്ടൽ. എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കും എന്നും അയ്യപ്പഭക്തരുടെ ക്ഷേമത്തിനായി ഇനിയും ഒരുപാട് കാര്യങ്ങൾ സമയബന്ധിതമായി ചെയ്തുതീർക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു.