2025-ലെ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിയുക്തവും സുതാര്യവുമായി നടത്തുന്നതിന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വോട്ടര്‍മാരെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്ന വാര്‍ത്തകളോ പരിപാടികളോ നല്‍കരുതെന്നതാണ് കമ്മീഷന്റെ പ്രധാന നിര്‍ദേശം.
*മാര്‍ഗനിര്‍ദ്ദേശങ്ങള്‍*
*വോട്ടെടുപ്പിന്റെ സമാപനത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്തോടെ അവസാനിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ ആ നിയോജകമണ്ഡലത്തില്‍ പൊതുയോഗം വിളിച്ചു കൂട്ടുകയോ പങ്കെടുക്കുകയോ ചെയ്യരുത്.
*വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്താന്‍ പാടില്ല. ഈ 48 മണിക്കൂര്‍ കാലയളവില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അനുവദിനീയമല്ല. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
*തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്നശേഷം കേബിള്‍ നെറ്റ് വര്‍ക്ക് ആക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്കായി ഇന്ത്യന്‍ ബ്രോഡ് കാസ്്റ്റിങ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തില്‍ അംഗങ്ങളായ ടി.വി ചാനലുകള്‍ക്ക് വേണ്ടി രൂപീകൃതമായിട്ടുള്ള ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയിന്റ് കൗണ്‍സില്‍ നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
*പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചടി മാധ്യമങ്ങള്‍ക്കായി പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിനും ബാധകമാണ്. തെരഞ്ഞെടുപ്പ് സംപ്രേഷണം സംബന്ധിച്ച് എന്‍.ബി.എസ്.എ അഥവാ ന്യൂസ് ബ്രോഡ് കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നല്‍കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കണം.